സിഎംആർഎൽ-എക്‌സാലോജിക് കേസ്: 18.36 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ഇഡി

സിഎംആർഎൽ-എക്‌സാലോജിക് കേസ്: 18.36 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ഇഡി


കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ 18.36 കോടി രൂപ ഉൾപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. വിവിധ ബാങ്ക് നിക്ഷേപങ്ങൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി സൂചനയുണ്ട്.

ആകെ 242 അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് വിവരം. ഇതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടും സിഎംആർഎല്ലുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ആരുടെയൊക്കെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്ന് ഇഡി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നുമാണ് ഇഡി വൃത്തങ്ങളുടെ ആരോപണം. ഇഷ്ടികകളും ഇരുമ്പ് വടികളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നും മൂന്ന് വാഹനങ്ങൾ കേടുപാടുകൾക്ക് ഇരയായതായും ഇഡി അറിയിച്ചു. ഒരു വാഹന ഡ്രൈവർക്കും പരക്കേറ്റിട്ടുണ്ട്.

റെയ്ഡ് നടപടികൾ എല്ലാ നിയമാനുസൃത നടപടിക്രമങ്ങളും പാലിച്ചാണ് നടത്തിയതെന്നും, സുരക്ഷയ്ക്കായി ഉണ്ടായിരുന്ന സിആർപിഎഫ് സംഘവും ജനങ്ങളെ പ്രകോപിപ്പിച്ചിട്ടില്ലെന്നും ഇഡി വിശദീകരിച്ചു. സിഎംആർഎൽ കേസിലെ അന്വേഷണം തുടരുമെന്നും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.