ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ശുചിമുറി മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുനൽകുന്നതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പിടിച്ചെടുത്ത മാലിന്യ നിർമാർജന വാഹനങ്ങൾ വിട്ടുകൊടുക്കാനായിരുന്നു പണം ആവശ്യപ്പെട്ടത്. വാഹന ഉടമ വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്.
ആവശ്യപ്പെട്ട തുകയിൽ അഡ്വാൻസായി 50,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം അനിൽകുമാറിനെ പിടികൂടിയത്. പണം വീട്ടിലെത്തിക്കാനായിരുന്നു ഡിവൈഎസ്പിയുടെ നിർദേശം. ഇതനുസരിച്ച് വാഹന ഉടമ പണവുമായി എത്തിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ രഹസ്യമായി പിന്തുടർന്നു.
വിജിലൻസ് സംഘത്തെ കണ്ടതോടെ അനിൽകുമാർ വീട്ടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു. പിന്നാലെ വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. മതിൽ ചാടി ഓടിയെങ്കിലും വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് നടപ്പാക്കിയ 'പ്രോജക്ട് സീറോ'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം കൈക്കൂലി കേസുകളിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് സംഭവം. ഡിവൈഎസ്പി അനിൽകുമാറിനെതിരെ നേരത്തെയും കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസിന്റെ പിടിയിൽ; മേൽക്കൂര പൊളിച്ച് രക്ഷപ്പെടാൻ ശ്രമം
