ടെഹ്രാൻ: ഇറാനെ ചുറ്റിപ്പറ്റിയുള്ള മേഖലകളിൽ നിന്നുള്ള സൈനിക സാന്നിധ്യം അമേരിക്ക പിൻവലിക്കുമെന്നും ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം അവസാനിപ്പിക്കുമെന്നും ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിലെ വ്യാപാര കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുണ്ടായിരുന്ന നിലയിലേക്ക് ഒരു മാസത്തിനകം പുനഃസ്ഥാപിക്കാമെന്ന ധാരണാപത്ര കരടാണ് ചർച്ചയിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈനിക കപ്പലുകൾ ഈ ധാരണയുടെ പരിധിയിൽ ഉൾപ്പെടില്ലെന്നും, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം ഇറാനും ഒമാനും ചേർന്ന് നിർവഹിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകത്തിലെ എണ്ണഎൽഎൻജി ഗതാഗതത്തിന്റെ വലിയൊരു പങ്ക് ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്.
അതേസമയം, ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് അമേരിക്ക പൂർണമായും തള്ളി. 'ഇറാൻ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ പുറത്തുവിട്ടത് പൂർണമായും വ്യാജമായ വിവരങ്ങളാണ്. അവർ പ്രസിദ്ധീകരിച്ച ധാരണാപത്രം കെട്ടിച്ചമച്ചതാണ്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ പ്രചാരണങ്ങൾ വിശ്വസിക്കരുത്,' എന്നാണ് അമേരിക്കൻ പ്രതികരണം.
ഇതിനുമുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സംഘർഷം അവസാനിപ്പിക്കാനും കപ്പൽ ഗതാഗതം പുനരാരംഭിക്കാനുമായി 14 വിഷയങ്ങൾ ഉൾപ്പെടുന്ന വിശാല ധാരണയിലേക്ക് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുകയാണ്. ഉപരോധ ഇളവുകൾ, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കൽ, എണ്ണ കയറ്റുമതിക്ക് അനുമതി എന്നിവയും ചർച്ചകളിലുണ്ടെന്നാണ് വിവരം.
ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം 60 ദിവസത്തിനകം അന്തിമ കരാർ രൂപപ്പെട്ടാൽ അത് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ ബാധക പ്രമേയമായി അംഗീകരിക്കാമെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. എന്നാൽ 'പ്രായോഗിക ഉറപ്പുകൾ' ലഭിക്കാതെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് ലോക ഊർജവിതരണത്തിലെ ഏറ്റവും നിർണായക കേന്ദ്രങ്ങളിലൊന്നായതിനാൽ ചർച്ചകൾ ആഗോള വിപണികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ധാരണ യാഥാർഥ്യമായാൽ എണ്ണവിലയിലെ അനിശ്ചിതത്വം കുറയുകയും ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസമാകുകയും ചെയ്യും.
ഹോർമുസ് ഉപരോധം പിൻവലിക്കുമെന്ന ഇറാൻ അവകാശവാദം തള്ളി അമേരിക്ക
