തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ നിർണായക രേഖകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇ.ഡി വ്യക്തമാക്കി.
സിഎംആർഎൽ മാനേജ്‌മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സി.എം.ആർ.എൽ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നി പത്തോളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി ഐ.ടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുമ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്സാലോജിക് സ്വീകരിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിൽ സി.എം.ആർ.എൽ കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ കാണിച്ചതായും വെളിപ്പെട്ടിരുന്നു. കമ്പനി ലാഭവിഹിതം നൽകാതിരുന്ന കാലയളവിൽ പോലും ശശിധരൻ കർത്തയും മകൻ ശരൺ കർത്തയും ചേർന്ന് 30.63 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ഈ സാമ്പത്തിക ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം വിനിയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് ഇ.ഡി ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
അന്വേഷണം ചോദ്യംചെയ്ത് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി 2026 മേയ് 26ന് കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം വീണ്ടും ഊർജിതമാക്കിയിരിക്കുന്നത്.
നിർണായക രേഖകൾ ലഭിച്ചെന്ന് ഇ.ഡി; റെയ്ഡ് നടത്തിയത് വീണ വിജയനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ
