തിരുവനന്തപുരം: സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടി കേസിൽ മുൻ
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ
വാടക വീട് അടക്കം സംസ്ഥാനത്ത 12ഓളം ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ
പരിശോധന അവസാനിച്ചു. എട്ട് മണിക്കൂറോളമാണ് റെയ്ഡ് നീണ്ടത്. ഇതിനു പിന്നാലെ
തിരുവനന്തപുരത്തും കണ്ണൂരുമുള്ള പിണറായിയുടെ വസതിക്ക് മുമ്പിൽ തടിച്ചുകൂടിയ
സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. വിവിധ
ജില്ലകളിലും സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.
തിരുവനന്തപുരത്ത്
ഇ.ഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ്
സംഘർഷം ഉണ്ടായത്. ഇ.ഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയതോടെ ഉദ്യോഗസ്ഥരുടെ വാഹനം
സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും
ചില്ലുകള്‍ തകർന്നു. പോലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി.
ലാത്തി വീശിയാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘർഷത്തിൽ
ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ വാഹനം അടുത്ത പോലീസ്
സ്റ്റേഷനിലേക്ക് കയറ്റിയാണ് രക്ഷപെടുത്തിയത്. പരിക്കേറ്റവരെ
ആശുപത്രിയിലേക്ക് മാറ്റി.
പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ
ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സി.എം.ആർ.എല്ലും
തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന
നിയമപ്രകാരമാണ് ഇ.ഡി റെയ്‌ഡ് നടത്തിയത്. രാവിലെ ആറ് മണിയോടെ ആരംഭിച്ച്
പരിശോധന ഉച്ചകഴിഞ്ഞ് മൂന്ന് വരെ നീണ്ടു. മുൻ മന്ത്രിയും പിണറായിയുടെ
മരുമകനുമായ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും കൊച്ചിയിലെ
സി.എം.ആർ.എൽ ഓഫിസുകളിലും എം.ഡി ശശിധരൻ കർത്തയുടെ വസതിയിലുമാണ് പ്രധാനമായും
പരിശോധന നടത്തിയത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് സി.പി.എം
രാഷ്ട്രീയ
പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്ന് സി.പി.എം
ആരോപിച്ചു. പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍
കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി
സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ
തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടന്നത്. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍
ജീവന്‍ കൊടുത്ത് പോരാടിയവരാണ് സി.പി.എം. പിണറായി വിജയന് നേരെയുള്ള ഈ
കടന്നാക്രമണത്തെ പാര്‍ട്ടിക്ക് നേരെയുള്ള ആക്രമണമായാണ് സി.പി.എം
കാണുന്നതെന്നും സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം നടക്കുമെന്നും പാർട്ടി
വാർത്താ കുറിപ്പിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായ ഈ പരിശോധനയുമായി
ബന്ധപ്പെട്ട ഒരു വിവരവും സർക്കാരിന് ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, വൈകി വന്ന നീതിയെന്നാണ് ബി.ജെ.പി
നേതാക്കൾ പ്രതികരിച്ചത്.
മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിണറായി
എട്ട്
മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി
പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന
പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി
നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ്
പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് സിപിഎം നേതാക്കളും
പിണറായിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പിണറായിക്ക് പിന്തുണ അർപ്പിച്ച്
പ്രവർത്തകരും പോസ്റ്റിൽ കമന്‍റ് ചെയ്യുന്നുണ്ട്. ഇതൊരു തുടക്കം മാത്രമായേ
കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന്
വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ ഇ.ഡി റെയ്ഡിന് പിന്നാലെ
മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; തലസ്ഥാനത്ത് കനത്ത സംഘർഷം, ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തു
