ന്യൂഡൽഹി: വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്.ഐ.ആര്‍) നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എസ്.ഐ.ആറിന് നിയമസാധുതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് എസ്.ഐ.ആര്‍ നടത്തിയത്. അട്ടിമറിക്കാനുള്ള നടപടിയല്ല, മറിച്ച് വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് എസ്.ഐ.ആര്‍ നടപടി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ബിഹാറിലും ബംഗാളിലും നടത്തിയ എസ്.ഐ.ആർ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർണായക വിധി. ഇലക്ടറല്‍ റോളുകളുടെ തീവ്രപുനഃപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ശരിവെച്ച സുപ്രീം കോടതി, ഇതുവഴി സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു. എസ്.ഐ.ആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന ഹർജിക്കാരുടെയും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ കോടതി തള്ളി.
എസ്.ഐ.ആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ്. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇക്കാര്യം നടപ്പാക്കുന്നത് നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞെടുപ്പിലെ സമഗ്രത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലെ സന്തുലനം ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി വിധിച്ചു.
വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. എന്നാൽ, പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ല. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കുന്നവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
എസ്.ഐ.ആർ ശരിവെച്ച് സുപ്രീം കോടതി; വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത് ഭരണഘടനാപരമായ അവകാശം
