സിംഗപ്പൂര്‍: ബൈജൂസ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതിയലക്ഷ്യ കേസില്‍ 6 മാസത്തെ തടവിനാണ് ശിക്ഷിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപ (90,000 യു.എസ് ഡോളർ) കെട്ടിവയ്ക്കാനും ഉത്തരവിട്ടു. സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കണമെന്ന നിർദ്ദേശം തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.
2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാൻ ബൈജു ഇതുവരെ തയാറായില്ലെന്നാണ് വിധിയില്‍ പറയുന്നത്. ബി.ആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്മേലാണ് വിധി. ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഉപകമ്പനി നൽകിയ കേസിലാണ് സിംഗപ്പൂർ കോടതിയിലെ നടപടികൾ തുടരുന്നത്.
അതേസമയം, കോടതി നടപടികളിൽ നിരാശയുണ്ടെന്നും ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുകയാണെന്നും ബൈജു രവീന്ദ്രൻ പ്രതികരിച്ചു.
120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജൂസ് സ്ഥാപകര്‍ക്കെതിരെ യു.എസ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ കേസിന്മേല്‍ യു.എസിലും ഇന്ത്യയിലുമായി വിവിധ കോടതികളില്‍ കേസുകളുണ്ട്.
ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
