തിരുവനന്തപുരം: സി എം ആര്‍ എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്റ് റുട്ടൈല്‍ ലിമിറ്റഡ്) സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലശ്ശേരിയിലേയും തിരുവനന്തപുരത്തെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമായ 2017 മുതല്‍ 2021 വരെ അദ്ദേഹത്തിന്റെ മകളും മുന്‍ ഐ ടി കണ്‍സള്‍ട്ടന്റുമായ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് യാതൊരു സേവനവും നല്‍കാതെയാണ് സ്വകാര്യ ഖനന കമ്പനിയായ സി എം ആര്‍ എല്‍ വന്‍തുക പ്രതിമാസ പ്രതിഫലമായി നല്‍കിയതെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 12 കേന്ദ്രങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. മുന്‍ ടൂറിസം മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വസതിയിലും പരിശോധന നടന്നു.
ഇതോടൊപ്പം സി എം ആര്‍ എല്‍ കമ്പനിയുടെ പ്രമോട്ടര്‍മാരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി ഇ ഡി സംഘം പരിശോധന വ്യാപിപ്പിച്ചു.
സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
