വാഷിങ്ടണ്‍: കോണ്‍ഗ്രസ് അംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ പ്രോഗ്രസീവ് നേതാവുമായ അലക്‌സാന്‍ഡ്രിയ ഒക്കാസിയ ഒക്കാസിയ കോര്‍ട്ടസ് (എ ഒ സി) 2028ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമാകുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് എ ഒ സി വ്യക്തമാക്കിയത്.
അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എ ഒ സി സജീവ സാന്നിധ്യമറിയിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഔദ്യോഗികമായി ദേശീയ പര്യടനമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിരവധി രാഷ്ട്രീയ വിശകലനക്കാര്‍ ഇതിനെ 2028 തെരഞ്ഞെടുപ്പിനായുള്ള പ്രാരംഭ നീക്കമായി കാണുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറിയില്‍ ഏറ്റവും വലിയ വൈല്‍ഡ് കാര്‍ഡ് സ്ഥാനാര്‍ഥികളിലൊരാളായി എ ഒ സി മാറാമെന്നാണ് വിലയിരുത്തല്‍. ചെറുകിട സംഭാവനകളിലൂടെ 100 മില്യണ്‍ ഡോളറിലധികം സമാഹരിക്കാനും മുന്‍ ബേണി സാന്റേഴ്‌സ് അനുകൂലികളുടെ പിന്തുണ നേടാനും ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടാനും എ ഒ സിക്ക് കഴിയുമെന്നാണ് ഡെമോക്രാറ്റിക് തന്ത്രജ്ഞരുടെ അഭിപ്രായം.
മെയ് മാസത്തില്‍ ഫിലഡല്‍ഫിയയില്‍ നടന്ന പ്രോഗ്രസീവ് സ്ഥാനാര്‍ഥിയുടെ പ്രചാരണ റാലിയില്‍ പങ്കെടുത്ത എ ഒ സി അലബാമയിലെ മോണ്ട്‌ഗോമറിയില്‍ വോട്ടവകാശ വിഷയത്തില്‍ പ്രസംഗിക്കുകയും അറ്റ്‌ലാന്റയിലെ ചരിത്രപ്രസിദ്ധമായ എബനേസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ആരാധകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. സെനറ്ററുമായ റാഫേല്‍ വാര്‍നോക്കിന് ഒപ്പമായിരുന്നു അവിടത്തെ പരിപാടി.
വോട്ടവകാശം, ഡേറ്റാ സെന്ററുകള്‍, കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ മാതൃാരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എ ഒ സി സജീവമായി ഇടപെട്ടു. ബെര്‍ണിസ് കിംഗിനൊപ്പം നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധ നേടിയിരുന്നു.
സമീപകാല പ്രസംഗങ്ങളില്‍ അമേരിക്കയുടെ സ്ഥാപക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ശക്തമായി ഉയര്‍ത്തിക്കാട്ടിയതും രാഷ്ട്രീയ ആഗ്രഹങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ജോര്‍ജിയയിലെ പ്രസംഗത്തില്‍ നാം ഒരുമിച്ചാണ് നില്‍ക്കുന്നത് പിന്നോട്ടില്ല എന്ന എ ഒ സിയുടെ പരാമര്‍ശം വന്‍ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. ജോര്‍ജിയയില്‍ സംഭവിക്കുന്നത് ന്യൂയോര്‍ക്കിനെയും ബാധിക്കും, ടെന്നസിയില്‍ സംഭവിക്കുന്നത് കാലിഫോര്‍ണിയയെയും ബാധിക്കും. നാം സംസ്ഥാനങ്ങളാല്‍ വിഭജിക്കപ്പെട്ടവരല്ല, മനുഷ്യത്താലും പൊതുപൗരത്വത്താലും ഐക്യപ്പെട്ടവരാണ് എന്നും അവര്‍ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ എ ഒ സി അടുത്തിടെ തള്ളിക്കളഞ്ഞിരുന്നു. തന്റെ ആഗ്രഹം ഒരു പദവി നേടുക മാത്രമല്ലെന്നും രാജ്യത്തെ മാറ്റുകയാണെന്നുമാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ എ ഒ സിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത് 2028ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം സെനറ്റ് മത്സരവും അവര്‍ പരിഗണിക്കുന്നുണ്ടെന്നാണ്. ഏറ്റവും കൂടുതല്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന സ്ഥാനം ഏതാണെന്ന് വിലയിരുത്തിയ ശേഷമാകും തീരുമാനം എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
മുന്‍ പ്രസിഡന്റുമാരായ ബറാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരും ആദ്യം പ്രസിഡന്‍ഷ്യല്‍ ആഗ്രഹങ്ങള്‍ നിഷേധിച്ച ശേഷം മത്സരരംഗത്തിറങ്ങിയ സംഭവങ്ങളുമായി എ ഒ സിയുടെ സാഹചര്യം താരതമ്യം ചെയ്യപ്പെടുന്നുമുണ്ട്.
