ഒട്ടാവ: കാനഡയില്‍ വീടുവായ്പ തിരിച്ചടയ്ക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നതായി പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഉയര്‍ന്ന വിലയുള്ള ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയും ഉള്‍പ്പെടുന്ന വിപണികളിലാണ് സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ രൂക്ഷമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്വിഫാക്‌സ് കാനഡ പുറത്തിറക്കിയ മാര്‍ക്കറ്റ് പള്‍സ് റിപ്പോര്‍ട്ട് പ്രകാരം 2026ലെ ആദ്യ പാദത്തില്‍ രാജ്യത്ത് മൊര്‍ട്ട്‌ഗേജ് കുടിശ്ശിക തുക കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം വര്‍ധിച്ചു. ഒന്റാറിയോയില്‍ ഇത് 52 ശതമാനവും ബ്രിട്ടീഷ് കൊളംബിയയില്‍ 36 ശതമാനവുമാണ് ഉയര്‍ന്നത്.
ഉയര്‍ന്ന വീടുവിലയുള്ള വിപണികളിലെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിന്റെ സൂചനയാണ് ഈ കുടിശ്ശിക നിരക്കെന്നാണ് ഇക്വിഫാക്‌സ് കാനഡ വ്യക്തമാക്കിയത്.
വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ വീട്ടുടമകളുടെ ശരാശരി മറ്റ് കുടിശ്ശിക കടബാധ്യത 54,000 ഡോളറിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം കൂടുതലാണ്. അതേസമയം അവരുടെ കുടിശ്ശിക ഭവനവായ്പയുടെ ശരാശരി തുക 13.2 ശതമാനം ഉയര്‍ന്ന് 3,55,500 ഡോളറിലെത്തി.
2025ലെ അവസാന പാദത്തോട് താരതമ്യം ചെയ്യുമ്പോള്‍ വീടുടമകളുടെ കേസുകള്‍ 11 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊര്‍ട്ട്‌ഗേജ് ഉടമകളുടെ ശരാശരി മറ്റ് കടബാധ്യത 82,400 ഡോളറാണ്.
എന്നാല്‍ മൊത്തത്തിലുള്ള കുടിശ്ശിക നിരക്ക് ഇപ്പോഴും വളരെ താഴെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 90 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ മൊര്‍ട്ട്‌ഗേജ് അക്കൗണ്ടുകളുടെ നിരക്ക് 0.22 ശതമാനമാണ്. ഇത് കോവിഡ് മഹാമാരിക്ക് മുന്‍പുണ്ടായിരുന്നതിലും താഴെയാണ്.
ഇക്വിഫാക്‌സ് കാനഡയുടെ അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് വിഭാഗം വൈസ് പ്രസിഡന്റ് റെബേക്ക ഓക്‌സ് പറയുന്നത് ഉപഭോക്താക്കള്‍ കഴിയുന്നത്ര കാലം വീടുവായ്പ സംരക്ഷിക്കാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ മൊര്‍ട്ട്‌ഗേജ് തിരിച്ചടവിലെ വീഴ്ചകള്‍ സാമ്പത്തിക സമ്മര്‍ദത്തിന്റെ അടിസ്ഥാനം വ്യക്തമാക്കുന്നുവെന്നുമാണ്.
കോവിഡ് കാലത്ത് പലിശനിരക്കുകള്‍ വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നും പിന്നീട് പലിശ ഉയര്‍ന്നതോടെ വീടുവായ്പ പുതുക്കേണ്ടി വന്നവര്‍ക്ക് വലിയ സാമ്പത്തിക ഭാരം നേരിടേണ്ടി വന്നതായും അവര്‍ പറഞ്ഞു.
അതേസമയം എല്ലാ പ്രവിശ്യകളിലും സ്ഥിതി ഒരുപോലെയല്ല. ക്യൂബെക്കും സസ്‌കഷവാനും പോലുള്ള പ്രദേശങ്ങളില്‍ വായ്പ തിരിച്ചടവ് വീഴ്ചകള്‍ കുറയുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടൊറന്റോ ആസ്ഥാനമായ ബട്‌ലര്‍ മോട്ട്‌ഗേജ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ബ്രോക്കറായ റോണ്‍ ബട്‌ലര്‍ അഭിപ്രായപ്പെട്ടത് വീടുകളുടെ മൂല്യത്തില്‍ വന്ന ഇടിവും ഉയര്‍ന്ന പലിശനിരക്കുകളും തൊഴില്‍ മേഖലയിലെ അനിശ്ചിതത്വവും ചേര്‍ന്നാണ് ഈ പ്രതിസന്ധി രൂപപ്പെട്ടതെന്നാണ്.
2009 മുതല്‍ 2023 വരെ വീടുകളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്നാല്‍ വീടിന്റെ മൂല്യം ആശ്രയിക്കാന്‍ ആളുകള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഇല്ലാതായെന്ന് ബട്ലര്‍ പറഞ്ഞു.
2020 മുതല്‍ 2022 വരെ ഒന്റാറിയോയില്‍ വീട് വാങ്ങിയവരില്‍ പലരുടെയും വീടുകളുടെ നിലവിലെ വിപണിവില അവര്‍ നല്‍കിയ തുകയെക്കാള്‍ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വീടുകളില്‍ നിക്ഷേപം നടത്തിയവര്‍ക്കും ഇപ്പോള്‍ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബട്ലര്‍ പറഞ്ഞു. പ്രത്യേകിച്ച് ബ്രാംപ്ടണ്‍ നഗരത്തില്‍ കുടിശ്ശികയും ജപ്തിയും കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കുടിശ്ശിക നിരക്കുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇതുവരെ ഗുരുതര ആശങ്കയില്ലെന്നും ബട്ലര്‍ അഭിപ്രായപ്പെട്ടു. വര്‍ധനവുണ്ടെങ്കിലും ബാങ്കുകള്‍ക്ക് നിയന്ത്രിക്കാനാവാത്ത തോതിലുള്ള പ്രതിസന്ധിയല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
