എബോള ഭീതി കനക്കുന്നു; കോംഗോ അതിർത്തി അടച്ച് ഉഗാണ്ട, കിഴക്കൻ ആഫ്രിക്കയിൽ ജാഗ്രത

എബോള ഭീതി കനക്കുന്നു; കോംഗോ അതിർത്തി അടച്ച് ഉഗാണ്ട, കിഴക്കൻ ആഫ്രിക്കയിൽ ജാഗ്രത


കാംപാല: അതിവേഗം പടരുന്ന എബോള വൈറസ് ഭീതിയെ തുടർന്ന് കോൺഗോയുമായുള്ള അതിർത്തി 'ഉടൻ പ്രാബല്യത്തിൽ' അടച്ച് ഉഗാണ്ട. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിൽ (DRC) അപൂർവ ഇനത്തിലുള്ള എബോള വൈറസ് ബാധ സംശയിക്കുന്നവരുടെ എണ്ണം 930 കടന്നതോടെയാണ് കടുത്ത നിയന്ത്രണ നടപടിയലേക്ക് ഉഗാണ്ട നീങ്ങിയത്.

കോംഗോയിൽ നിന്ന് ചികിത്സ തേടി രോഗബാധിതർ അതിർത്തി കടന്ന് എത്തിയതായും നിരവധി ആരോഗ്യപ്രവർത്തകർ വൈറസിന് സമ്പർക്കത്തിലായതായും ഉഗാണ്ട ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് 15നാണ് കോംഗോ ഔദ്യോഗികമായി രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതിനിടെ ലോകാരോഗ്യ സംഘടന (WHO) സ്ഥിതിഗതികളെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം 'ബുണ്ടിബുഗ്യോ' വിഭാഗത്തിലുള്ള അപൂർവ എബോള വൈറസാണ്. നിലവിലുള്ള എബോള വാക്‌സിനുകൾ ഈ വൈറസിനെതിരെ ഫലപ്രദമല്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. പ്രത്യേക ചികിത്സയോ അംഗീകൃത വാക്‌സിനോ ഇല്ലാത്ത സാഹചര്യത്തിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

അത്യാവശ്യ ചരക്ക് ഗതാഗതം, സുരക്ഷാ ഉദ്യോഗസ്ഥർ, മെഡിക്കൽ അടിയന്തര സേവനങ്ങൾ എന്നിവയ്ക്ക് മാത്രമേ അതിർത്തി കടക്കാൻ അനുമതിയുണ്ടാകൂ. പ്രവേശനം ലഭിക്കുന്നവർക്ക് 21 ദിവസത്തെ നിർബന്ധിത നിരീക്ഷണവും സ്വയം ഐസൊലേഷനും ബാധകമാക്കും.

കോംഗോയിലെ ഇതുരി, നോർത്ത് കിവു, സൗത്ത് കിവു മേഖലകളിൽ വൈറസ് അതവേഗം പടരുകയാണെന്ന് റപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഇതിനകം 220 കടന്നതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ ഇതുരി പ്രവിശ്യയിലെ ബുനിയ നഗരത്തലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.

'കിഴക്കൻ കോംഗോ ഇപ്പോൾ രോഗവ്യാപനത്തിന്റെയും സംഘർഷത്തിന്റെയും ഇരട്ട പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിയന്ത്രണ ശ്രമങ്ങളെ മറികടന്ന് എബോള വ്യാപിക്കുന്നു,' എന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രയേസസ് മുന്നറിയിപ്പ് നൽകി.