'ഹോർമുസ് ആരുടെയും നിയന്ത്രണത്തിലാകില്ല'; ഇറാനുമായി കരാറിലേക്കെന്ന് ട്രംപ്

'ഹോർമുസ് ആരുടെയും നിയന്ത്രണത്തിലാകില്ല'; ഇറാനുമായി കരാറിലേക്കെന്ന് ട്രംപ്


വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഇറാൻ അമേരിക്കയുമായി കരാറിലെത്താൻ താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അമേരിക്ക ഇതുവരെ പൂർണമായി തൃപ്തരല്ലെന്നും ട്രംപ് വ്യക്തമാക്കി.

'ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കുന്നു. അവർക്ക് വേറെ മാർഗമില്ല. കരാർ നടക്കാത്ത പക്ഷം ബാക്കി ജോലിയും പൂർത്തിയാക്കേണ്ടിവരും,' എന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ നാവികസേനയും വ്യോമസേനയും വലിയ രീതിയിൽ തകർന്നുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.

ഹോർമുസ് കടലിടുക്കിനെ കുറിച്ചും ട്രംപ് പ്രതികരിച്ചു. 'ഹോർമുസ് ആരുടെയും നിയന്ത്രണത്തിലാകില്ല. അത് അന്താരാഷ്ട്ര ജലപാതയാണ്. ഇറാനും മറ്റു രാജ്യങ്ങളെപ്പോലെ പെരുമാറേണ്ടിവരും,' അദ്ദേഹം പറഞ്ഞു. കരാർ യാഥാർഥ്യമായാൽ ഇന്ധന-എണ്ണ വില കുറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമായി നടക്കുന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിനെയും ജാരഡ് കുഷ്‌നറിനെയും ട്രംപ് പ്രശംസിച്ചു. 'മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പിന്തുണ മികച്ചതാണ്. എന്നാൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല,' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചർച്ചകളിൽ ചില പുരോഗതിയുണ്ടായതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചു. 'അടുത്ത മണിക്കൂറുകളിലും ദിവസങ്ങളിലും കൂടുതൽ പുരോഗതി ഉണ്ടാകുമോ എന്ന് കാണാം. നയതന്ത്രപരമായ പരിഹാരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,' റൂബിയോ പറഞ്ഞു.

ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിന്റെ കരട് രൂപം തയ്യാറായെന്ന ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട് വൈറ്റ് ഹൗസ് ശക്തമായി തള്ളി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം പിൻവലിക്കുമെന്നും ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് 'പൂർണമായും കെട്ടിച്ചമച്ച കഥ'യാണെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.