ന്യൂഡല്‍ഹി: ഇന്ത്യയും യു കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) പ്രാബല്യത്തില്‍ വന്നതോടെ ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കമായി. വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനായി ടവലുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയായ വെല്‍സ്പണ്‍ ലിവിങ് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ കരാറിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗൃഹോപകരണ- ഹോം ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാതാക്കളിലൊന്നായ വെല്‍സ്പണ്‍ ലിവിങ്, ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ക്ക് ബെഡ് ഷീറ്റുകളും ടവലുകളും വിതരണം ചെയ്യുന്ന സ്ഥാപനമാണ്.
കരാര്‍ നിലവില്‍ വന്നതോടെ ബ്രിട്ടീഷ് കമ്പനികളുമായി ദീര്‍ഘകാല ബിസിനസ് പദ്ധതികള്‍ തയ്യാറാക്കുന്ന പ്രവണത ശക്തമായതായി വെല്‍സ്പണ്‍ ലിവിങ് സി ഇ ഒ ദീപാലി ഗോയങ്ക പറഞ്ഞു. മുമ്പ് അമേരിക്കന്‍ ഉപഭോക്താക്കളുമായി മാത്രമായിരുന്നു ഇത്തരത്തിലുള്ള സംയുക്ത ബിസിനസ് ആസൂത്രണം നടത്തിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും യു കെയും തമ്മിലുള്ള ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് യു കെയിലേക്കുള്ള 99 ശതമാനം കയറ്റുമതി ഉത്പന്നങ്ങള്‍ക്കും യു കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 90 ശതമാനം ഇറക്കുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതിന് ശേഷം യു കെ ഒപ്പുവെച്ച ഏറ്റവും വലിയതും സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളതുമായ ഉഭയകക്ഷി വ്യാപാര കരാറാണിതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശേഷിപ്പിച്ചു. ഇതിലൂടെ യു കെയുടെ ജി ഡി പിയില്‍ 4.8 ബില്യണ്‍ പൗണ്ടിന്റെയും ഇന്ത്യയുടെ ജി ഡി പിയില്‍ പ്രതിവര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെയും വര്‍ധനവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വസ്ത്രനിര്‍മാണം, ടെക്‌സ്‌റ്റൈല്‍, പാദരക്ഷ, വാഹനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍സാന്ദ്ര മേഖലകള്‍ക്ക് കരാര്‍ വലിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഹോം ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ക്ക് യു കെയില്‍ 12 ശതമാനം തീരുവ നല്‍കേണ്ടിവന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനും പാകിസ്ഥാനും വികസനോന്മുഖ രാജ്യങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി തീരുവയില്ലാതെ കയറ്റുമതി നടത്താന്‍ കഴിഞ്ഞിരുന്നു. പുതിയ കരാറോടെ ഈ അസമത്വം അവസാനിക്കുമെന്നാണ് വെല്‍സ്പണ്‍ വിലയിരുത്തുന്നത്.
നിലവില്‍ യു കെയിലേക്കുള്ള ഹോം ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ പാകിസ്ഥാന്റെ വിഹിതം ഏകദേശം 55 ശതമാനമാണെങ്കില്‍ ഇന്ത്യയുടെ വിഹിതം 6- 7 ശതമാനം മാത്രമാണെന്നും പുതിയ കരാറിലൂടെ ഈ അന്തരം കുറയ്ക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
കരാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിക്കാണ്. നിലവിലെ 150 ശതമാനം കസ്റ്റംസ് തീരുവ ഉടന്‍ 75 ശതമാനമായി കുറയും. പിന്നീട് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയ്ക്കും.
ഇത് ചെറിയ മാറ്റമല്ല, ബ്രിട്ടീഷ് മദ്യവ്യവസായത്തിന് വലിയ വഴിത്തിരിവാണെന്ന് ഡല്‍ഹി ആസ്ഥാനമായ മോഡേണ്‍ ഡ്രിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അവ്‌നീത് സിങ് പറഞ്ഞു.
പുതിയ തീരുവ സംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ ആവശ്യമായ രേഖകള്‍, ഉത്ഭവ സര്‍ട്ടിഫിക്കറ്റുകള്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍, ലോജിസ്റ്റിക് സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിലാണ് കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര വിദഗ്ധരുടെ അഭിപ്രായത്തില്‍ കരാറിന്റെ ഫലങ്ങള്‍ ഉടനടി വലിയ മാറ്റമുണ്ടാക്കുന്നതിനേക്കാള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രമേണ പ്രകടമാകാനാണ് സാധ്യത.
ഡല്‍ഹി ആസ്ഥാനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജി ടി ആര്‍ ഐ) കണക്കുകള്‍ പ്രകാരം 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യു കെയിലേക്ക് 13.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ പകുതിയിലധികം ഉത്പന്നങ്ങള്‍ നേരത്തേ തന്നെ ഏറ്റവും അനുകൂല രാജ്യ (എം എഫ് എന്‍) സംവിധാനത്തില്‍ തീരുവയില്ലാതെ പ്രവേശിച്ചവയായിരുന്നു.
അതേസമയം, യു കെയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത 11.7 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളില്‍ 45 ശതമാനത്തിലധികവും വെള്ളിയായിരുന്നു. വെള്ളി ഈ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടെക്‌സ്‌റ്റൈല്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കാര്‍പെറ്റുകള്‍, വാഹനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, മുന്തിരി, മാങ്ങ തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ അടുത്ത ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ധനയുണ്ടാകുമോ എന്നതാണ് കരാറിന്റെ വിജയത്തിന്റെ യഥാര്‍ഥ മാനദണ്ഡമെന്ന് ജി ടി ആര്‍ ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, യു കെയുടെ കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (സി ബി എ എം) പോലുള്ള പുതിയ നികുതി സംവിധാനങ്ങളും സ്റ്റീലിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്വാട്ട അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍ കയറ്റുമതിക്ക് വെല്ലുവിളിയായി തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകളും കാരണം ഇന്ത്യയിലെ ചെറുകിട കയറ്റുമതിക്കാര്‍ക്ക് കരാറിന്റെ മുഴുവന്‍ നേട്ടവും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കെയര്‍എഡ്ജ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം യു കെയുടെ റെഡിമെയ്ഡ് വസ്ത്ര ഇറക്കുമതിയില്‍ നിലവില്‍ ചൈനയാണ് മുന്നില്‍. എന്നാല്‍ ഉയര്‍ന്ന തൊഴില്‍ച്ചെലവും മത്സരക്ഷമതയിലെ കുറവും കാരണം ചൈനയുടെ വിപണി വിഹിതം കുറഞ്ഞുവരികയാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൂടുതല്‍ തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ഇത്തരം സാഹചര്യത്തില്‍ യു കെയുടെ റെഡിമെയ്ഡ് വസ്ത്ര ഇറക്കുമതിയില്‍ ഇന്ത്യയുടെ വിപണി വിഹിതം നിലവിലെ ആറു ശതമാനത്തില്‍ നിന്ന് സമീപകാലത്തോ ഇടക്കാലയളവിലോ 12 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യ- യു കെ ഉഭയകക്ഷി വ്യാപാരം നിലവിലെ 10- 12 ശതമാനം വളര്‍ച്ചാനിരക്കില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 15 ശതമാനം വരെ ഉയരാനും ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളും കൂടുതല്‍ തിരഞ്ഞെടുപ്പുകളും ലഭിക്കാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
