ഗോവ: ബര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിന് കാരണം ക്ലബ്ബിനുള്ളില്‍ പടക്കം പൊട്ടിച്ചതാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ഏതാനും എക്‌സിറ്റുകളിലും ഇടുങ്ങിയ വഴികളിലും തിരക്കും ഗതാഗതക്കുരുക്കും സൃഷ്ടിക്കപ്പെട്ടതോടെ സാഹചര്യം വഷളായെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന സംശയം അദ്ദേഹം തള്ളി.
അപകടത്തില്‍ 25 പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരെയും മാനേജര്‍മാര്‍ക്കും ഇവന്റ് ഓര്‍ഗനൈസര്‍മാര്‍ക്കുമെതിരെയും ഗോവ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്ലബ്ബിന് ട്രേഡ് ലൈസന്‍സ് നല്‍കിയ ആര്‍പ്പോറ-നാഗോവ പഞ്ചായത്ത് സര്‍പഞ്ച് രോഷന്‍ റെഡ്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
തീപിടിത്തത്തിന്റെ കാരണം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാരെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം ഗോവ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പരിക്കേറ്റവര്‍ക്ക് 50,000 രൂപയും എസ് ഡി ആര്‍ എഫ് ഫണ്ട് വഴി നല്‍കും. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ സഹായവും സര്‍ക്കാര്‍ നല്‍കും. ഇതിന് എസ് ഡി എം, പൊലീസ്, ഹെല്‍ത്ത് അതോറിറ്റികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്.
