'ഹോള്‍ഡ് ഓണ്‍, ഐം കോമിന്‍' പാട്ടിന്റെ താളത്തില്‍ ഡല്‍ഹിയില്‍ ഗോര്‍; ട്രംപ്‌മോഡി സൗഹൃദം യഥാര്‍ത്ഥമെന്ന് യുഎസ് ദൂതന്‍

'ഹോള്‍ഡ് ഓണ്‍, ഐം കോമിന്‍' പാട്ടിന്റെ താളത്തില്‍ ഡല്‍ഹിയില്‍ ഗോര്‍; ട്രംപ്‌മോഡി സൗഹൃദം യഥാര്‍ത്ഥമെന്ന് യുഎസ് ദൂതന്‍


ന്യൂഡല്‍ഹി: 'ഹോള്‍ഡ് ഓണ്‍, ഐം കോമിന്‍' എന്ന പ്രശസ്ത സോള്‍ ഗാനത്തിന്റെ താളത്തില്‍ വേദിയിലെത്തി കൈയടി ഏറ്റുവാങ്ങിയാണ് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായും ദക്ഷിണ-മധ്യേഷ്യയ്ക്കുള്ള പ്രത്യേക ദൂതനായും സെര്‍ജിയോ ഗോര്‍ ഔദ്യോഗിക ചുമതലയേറ്റത്. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍, ട്രംപ്‌മോഡി ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ് ശ്രദ്ധ നേടിയത്.

1966ല്‍ ഐസക്ക് ഹെയ്‌സും ഡേവിഡ് പോര്‍ട്ടറും ചേര്‍ന്ന് രചിച്ച, സാം ആന്‍ഡ് ഡേവ് ആലപിച്ച 'ഹോള്‍ഡ് ഓണ്‍, ഐം കോമിന്‍' പശ്ചാത്തല സംഗീതമായി മുഴങ്ങിയപ്പോള്‍, എംബസിയിലെത്തിയവരില്‍ നിന്ന് ആവേശകരമായ കൈയടി ഉയര്‍ന്നു. ബില്‍ബോര്‍ഡ് ഹോട്ട് ആര്‍ & ബി ചാര്‍ട്ടില്‍ ഒന്നാമതെത്തിയ ഈ ഗാനം, അന്തരിച്ച സാം മൂറിന്റെ ശബ്ദത്തിലൂടെയാണ് പ്രശസ്തമായത്.

ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ ചില ഘട്ടങ്ങളില്‍ സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് ഗോര്‍ ചുമതലയേല്‍ക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ക്രമീകരിച്ചതായി ട്രംപ് ഉന്നയിച്ച അവകാശവാദങ്ങളും, യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ തീരുമാനവുമാണ് ബന്ധങ്ങളില്‍ ഭിന്നതയുണ്ടാക്കിയത്്.

ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇടയിലെ ബന്ധം 'യഥാര്‍ത്ഥ സൗഹൃദം' ആണെന്ന് ഗോര്‍ വ്യക്തമാക്കി. 'പ്രസിഡന്റ് ട്രംപിനൊപ്പം ലോകമെമ്പാടും യാത്ര ചെയ്തിട്ടുള്ള ആളെന്ന നിലയില്‍, പ്രധാനമന്ത്രി മോഡിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം സത്യസന്ധമാണെന്ന് ഞാന്‍ ഉറപ്പോടെ പറയാം. യുഎസിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്നത് പൊതുവായ താല്‍പര്യങ്ങള്‍ മാത്രമല്ല, ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ബന്ധവുമാണ്. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ഒടുവില്‍ അവര്‍ അത് പരിഹരിക്കും,' എന്നാണ് ഗോര്‍ പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയെ 'ആഴത്തിലുള്ള ബഹുമാനത്തോടെ' സമീപിക്കുന്നുവെന്നും, ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുകയാണ് തന്റെ ദൗത്യമെന്നുമാണ് ഗോര്‍ വ്യക്തമാക്കിയത്. 'ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള സംഗമമാണിത്,' അദ്ദേഹം പറഞ്ഞു. ട്രംപുമായുള്ള അടുത്തിടെ നടന്ന അത്താഴ സംഭാഷണം പരാമര്‍ശിച്ച ഗോര്‍, ഇന്ത്യയിലേക്കുള്ള ട്രംപിന്റെ അവസാന സന്ദര്‍ശനവും പ്രധാനമന്ത്രിയുമായുള്ള സൗഹൃദവും അദ്ദേഹം സ്‌നേഹത്തോടെ ഓര്‍മ്മിച്ചതായി കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയും ഗോര്‍ പങ്കുവച്ചു. 'അടുത്ത ഒന്നു-രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഇവിടെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ട്രംപിന് പുലര്‍ച്ചെ രണ്ടുമണിക്ക് വിളിക്കുന്ന പതിവുണ്ട്; വാഷിംഗ്ടണും ഡല്‍ഹിയും തമ്മിലുള്ള സമയ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ അത് ഇവിടെ നന്നായി ചേരും,' എന്ന് പറഞ്ഞ് അദ്ദേഹം ലഘു നര്‍മ്മവും ചേര്‍ത്തു.

ട്രംപിന്റെ അടുത്ത വിശ്വസ്തരിലൊരാളായ ഗോര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ധനസമാഹരണ രംഗത്ത് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. ട്രംപ് ജൂനിയറുമായി ചേര്‍ന്ന് സ്ഥാപിച്ച 'വിന്നിംഗ് ടീം പബ്ലിഷിങ്' എന്ന സ്ഥാപനത്തിന്റെ സിഇഒയായും, റൈറ്റ് ഫോര്‍ അമേരിക്ക പിഎസിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെനറ്റര്‍ റാന്‍ഡ് പോളിന്റെ ദീര്‍ഘകാല സഹായി എന്ന നിലയിലും നിയമനിര്‍മാണ-കമ്മ്യൂണിക്കേഷന്‍ രംഗത്തെ പരിചയവും ഗോറിന് ഉണ്ട്. ബിസിനസ് പശ്ചാത്തലമുള്ള ഈ അനുഭവങ്ങള്‍, ഇന്ത്യ-യുഎസ് വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.