ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതേ വാഗ്ദാനം കുറഞ്ഞത് നാല് തവണയെങ്കിലും അദ്ദേഹം ആവർത്തിച്ചിട്ടുണ്ടെന്നാണ് വിമർശനം ഉയരുന്നത്.
'യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നുമില്ല. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല,' എന്നാണ് മോഡി എക്‌സിൽ കുറിച്ചത്.
എന്നാൽ, ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തെക്കുറിച്ചോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തെക്കുറിച്ചോ, സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ചോ മോദി പരാമർശിച്ചില്ല.
മോദിയുടെ പുതിയ പ്രഖ്യാപനം മുൻപ് നൽകിയ ഉറപ്പുകളുടെ ആവർത്തനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
2024 ജൂലൈ: ലോക്‌സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ, 'യുവാക്കളുടെ ഭാവിയുമായി കളിക്കുന്നവരെ സർക്കാർ വെറുതെ വിടില്ല' എന്ന് മോഡി പറഞ്ഞിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിച്ചുവരികയാണെന്നും പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കർശന നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2024 ഫെബ്രുവരി: പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിൽ സംസാരിക്കവെ, ചോദ്യപേപ്പർ ചോർച്ച യുവാക്കളെ പ്രകോപിപ്പിച്ചതിനാലാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമം പാർലമെന്റ് പാസാക്കിയതെന്ന് മോഡി പറഞ്ഞിരുന്നു.
2024 ഡിസംബർ: രാജസ്ഥാനിൽ ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ, ചോദ്യപേപ്പർ ചോർച്ച രാജസ്ഥാന്റെ തിരിച്ചറിയലായി മാറിയിരുന്നുവെന്നും ബിജെപി അധികാരത്തിലെത്തിയ ശേഷം അന്വേഷണം നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.
2023 നവംബർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയവരെ ജയിലിലടയ്ക്കുമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരു മാസം മുൻപ് നടത്തിയ മറ്റൊരു തിരഞ്ഞെടുപ്പ് യോഗത്തിൽ, കോൺഗ്രസ് വളർത്തിയ 'പേപ്പർ ലീക്ക് മാഫിയ'യെ ബിജെപി സർക്കാർ ഇല്ലാതാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു.
ഇതിനിടെ, വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ജന്തർ മന്തറിൽ വിദ്യാർഥികളുടെ പ്രതിഷേധം ഒരു മാസത്തിലേറെയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും അതേ വാഗ്ദാനങ്ങൾ ആവർത്തിച്ചതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും, പ്രഖ്യാപനങ്ങൾക്കപ്പുറം ഫലപ്രദമായ നടപടികളാണ് യുവാക്കൾ പ്രതീക്ഷിക്കുന്നതെന്നും വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
'യുവാക്കളുടെ ഭാവി നശിപ്പിക്കുന്നവരെ വെറുതെ വിടില്ല'; മൂന്ന് വർഷത്തിനിടെ നാലാം തവണയും അതേ വാഗ്ദാനവുമായി മോഡി
