കേന്ദ്രമന്ത്രി രവനീത് സിം​ഗ് ബിട്ടു രാജിവച്ചു; ലക്ഷ്യം പഞ്ചാബിലെ 'പ്രധാനി'?

കേന്ദ്രമന്ത്രി രവനീത് സിം​ഗ് ബിട്ടു രാജിവച്ചു; ലക്ഷ്യം പഞ്ചാബിലെ 'പ്രധാനി'?


ന്യൂഡൽഹി: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുമോയെന്ന് ഉറ്റുനോക്കിയിരുന്ന ദേശീയ രാഷട്രീയത്തിലിപ്പോൾ മറ്റൊരു കേന്ദ്രമന്ത്രി രാജിവച്ചതാണ് പുതിയ വിഷയം. റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന സഹമന്ത്രി രവനീത് സിം​ഗ് ബിട്ടുവാണ് രാജിവച്ചത്. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി മലയാളിയായ ജോർജ് കുര്യനൊപ്പം ജൂണിൽ അവസാനിച്ചിരുന്നു. കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇപ്പോഴാണ് അദ്ദേഹം രാജിവച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖമായി ബിട്ടു മത്സരിക്കുമെന്നാണ് സൂചന. 

നിലവില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍, ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനായി താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തുവരികയായിരുന്നു രവ്‌നീത് സിം​ഗ് ബിട്ടു. 1995 ല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ആനന്ദ്പുര്‍ സാഹിബ് (2009), ലുധിയാന (2014, 2019) മണ്ഡലങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി വിപ്പായും പ്രവര്‍ത്തിച്ചു.