ഷിംല: ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍- സ്പിതി ജില്ലയിലെ കഡു നാളയ്ക്ക് സമീപം പാറക്കല്ലുകള്‍ ടാക്സിക്കു മുകളില്‍ പതിച്ചതിനെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. കുളുവില്‍ നിന്ന് പാംഗിയിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ വാഹനമാണ് സന്‍സാരികില്ലാര്‍ടാണ്ടി റോഡില്‍ വന്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടത്.
15 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വാഹനം മണ്ണിടിച്ചിലിലും പാറക്കല്ലുകളിലും പൂര്‍ണമായും മൂടിപ്പോയതിനെ തുടര്‍ന്ന് 13 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനമോടിച്ചിരുന്നത് ബിര്‍ സിങ്ങാണെന്ന് അധികൃതര്‍ അറിയിച്ചു.
അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടവും പൊലീസും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
മുമ്പ് ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉദയ്പുര്‍കില്ലാര്‍ റോഡ് വ്യാഴാഴ്ച ഗതാഗതത്തിനായി അടച്ചിരുന്നതിനാല്‍ വാഹനത്തിലെ യാത്രക്കാര്‍ ടിന്‍ഡിയിലാണ് രാത്രി തങ്ങിയത്. വെള്ളിയാഴ്ച റോഡ് ഗതാഗതത്തിന് തുറന്നതിനെ തുടര്‍ന്ന് അവര്‍ പാംഗിയിലേക്ക് യാത്ര പുനരാരംഭിച്ചെങ്കിലും വഴിമധ്യേ മലഞ്ചെരിവിന്റെ വലിയൊരു ഭാഗം തകര്‍ന്നു വീണ് ഈ ദുരന്തമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
