ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം 'ഭീരുത്വവും ക്രൂരതയും' കാട്ടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ അവര്‍ ആരോപിച്ചത്.
ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ട യുവതലമുറയെ 'രാജ്യത്തിന്റെ ശത്രുക്കളെപ്പോലെയാണ്' സര്‍ക്കാര്‍ പരിഗണിച്ചതെന്നും വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി ഉടന്‍ അവസാനിപ്പിച്ച് അവരുമായി ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'ഇവര്‍ നമ്മുടെ മക്കളാണ്, നമ്മുടെ യുവജനങ്ങളാണ്. ഇവര്‍ക്കെതിരെ ബലപ്രയോഗം അവസാനിപ്പിക്കണം,' സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.
ജൂലൈ 20-ന് പാര്‍ലമെന്റിലേക്ക് നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ പരാമര്‍ശിച്ച സോണിയ ഗാന്ധി ആ ദിവസത്തെ 'രാജ്യത്തിന്റെ അപമാന ദിനം' എന്നാണ് വിശേഷിപ്പിച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസും കേന്ദ്ര സായുധ പൊലീസ് സേനയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയെന്ന് അവര്‍ ആരോപിച്ചു.
'പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയും ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം വിദ്യാര്‍ഥികള്‍ ആഴ്ചകളായി സമാധാനപരമായി പ്രതിഷേധിക്കുകയാണ്. അവരുടെ ആവശ്യങ്ങള്‍ വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്തവും വിദ്യാഭ്യാസ പരിഷ്‌കാരവുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മോഡി സര്‍ക്കാര്‍ അവരുടെ ധൈര്യത്തോട് പ്രതികരിച്ചത് ഭീരുത്വത്തോടെയും ക്രൂരതയോടെയുമാണ്,' അവര്‍ എഴുതി.
പൊലീസ് നടപടിയില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയും മര്‍ദിച്ചതായും സോണിയ ഗാന്ധി ആരോപിച്ചു.
വിദ്യാര്‍ഥികളുടെ ശരീരത്തില്‍ പെല്ലറ്റ് മുറിവുകളേറ്റ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചുവെന്നും പ്രതിഷേധക്കാരുമായി സംവദിക്കുന്നതിന് പകരം സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതൊരിക്കല്‍ പൊറുക്കാനും മറക്കാനുമാവില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.
മോ#ി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും സോണിയ ഗാന്ധി വിമര്‍ശിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര ബജറ്റ് വിഹിതം ഏകദേശം 50 ശതമാനം വരെ കുറച്ചെന്നും ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം 33 ശതമാനം കുറഞ്ഞെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്ത് ഏകദേശം ഒരു ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടപ്പെട്ടപ്പോള്‍ ഇതേ കാലയളവില്‍ 43,000 സ്വകാര്യ സ്‌കൂളുകള്‍ ആരംഭിച്ചതായും അവര്‍ അവകാശപ്പെട്ടു.
പൊതു സര്‍വകലാശാലകള്‍ക്കുള്ള യു ജി സി ധനസഹായം കുറച്ചതോടെ വായ്പയെടുത്ത് ഫീസ് വര്‍ധിപ്പിക്കേണ്ട സാഹചര്യം സര്‍വകലാശാലകള്‍ക്ക് ഉണ്ടായെന്നും അതിലൂടെ വിദ്യാര്‍ഥികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ഭാരം വര്‍ധിച്ചതായും അവര്‍ പറഞ്ഞു.
സര്‍വകലാശാലകളും സംസ്ഥാനങ്ങളും നടത്തിയിരുന്ന പ്രവേശന പരീക്ഷകള്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) മുഖേന കേന്ദ്രീകരിച്ച സംവിധാനമാക്കിയതും സോണിയ ഗാന്ധി വിമര്‍ശിച്ചു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സ്വകാര്യ കരാറുകാരെ അമിതമായി ആശ്രയിക്കുന്നതുമായ സ്ഥാപനമാണ് എന്‍ ടി എയെന്ന് അവര്‍ ആരോപിച്ചു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്ത് 152 പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടായെന്നും 2017-ല്‍ എന്‍ ടി എ രൂപീകരിച്ചതിന് ശേഷം അതില്‍ ഒമ്പത് സംഭവങ്ങള്‍ എന്‍ ടി എ പരീക്ഷകളുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ അവകാശപ്പെട്ടു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെയല്ല, കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിലൂടെയാണ് എന്‍ ടി എ രൂപീകരിച്ചതെന്നും അതിനാല്‍ പാര്‍ലമെന്റിന്റെ ഫലപ്രദമായ മേല്‍നോട്ടം ഇല്ലെന്നും സോണിയ ഗാന്ധി ആരോപിച്ചു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അവഗണിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.
വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ആശങ്കകളും അതിന് പിന്നിലുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ശരാശരി 40 ശതമാനത്തോളമായിരുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും തൊഴില്‍ അവസരങ്ങളുടെ കുറവും യുവാക്കളുടെ നിരാശ വര്‍ധിപ്പിച്ചതായും അവര്‍ ആരോപിച്ചു.
പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെയാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) 2020 നടപ്പാക്കിയതെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായും അവര്‍ ആരോപിച്ചു.
