ട്രംപിന്റെ പുതിയ താരിഫ് സമയപരിധിക്ക് മുമ്പ് ധാരണയായില്ലെങ്കില്‍ തിരിച്ചടി നടപടികള്‍ പരിഗണിക്കും: കാര്‍ണി

ട്രംപിന്റെ പുതിയ താരിഫ് സമയപരിധിക്ക് മുമ്പ് ധാരണയായില്ലെങ്കില്‍ തിരിച്ചടി നടപടികള്‍ പരിഗണിക്കും: കാര്‍ണി


ഷാര്‍ലട്ട്ടൗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വ്യാപാര കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കാനഡ തിരിച്ചടി നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.

പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ ഷാര്‍ലട്ട്ടൗണില്‍ 13 പ്രവിശ്യകളുടെയും പ്രദേശങ്ങളുടെയും പ്രീമിയര്‍മാരുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചകളുടെ ഫലം അനുസരിച്ച് എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്നും പുതിയ താരിഫുകളോ മറ്റ് നടപടികളോ പ്രാബല്യത്തില്‍ വന്നാല്‍ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ടെന്നും കാര്‍ണി പറഞ്ഞു.

അതേസമയം, അമേരിക്കയ്‌ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക തിരിച്ചടിനടപടികള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ അത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയില്‍ നിന്നുള്ള 20 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 19 മുതല്‍ 50 ശതമാനം ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ വാഹനങ്ങള്‍, പാലുത്പന്നങ്ങള്‍, മദ്യ ഉത്പന്നങ്ങള്‍ എന്നിവയോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന ആരോപണമാണ് നടപടിക്ക് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.

മദ്യം, ഇലക്ട്രോണിക്‌സ്, ഹോക്കി സ്റ്റിക്കുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളെ പുതിയ താരിഫ് ബാധിക്കും. ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ സമയപരിധി വ്യാപാര കരാറിലെത്താനുള്ള യഥാര്‍ഥ അവസരമാണെന്ന് കാര്‍ണി പറഞ്ഞു. അതേസമയം, സമ്മര്‍ദം ചെലുത്താനുള്ള ട്രംപിന്റെ പതിവ് തന്ത്രത്തിന്റെ ഭാഗവുമാണിതെന്ന് അദ്ദേഹം സമ്മതിച്ചു.

അമേരിക്കയ്‌ക്കെതിരായ തിരിച്ചടി നടപടികളുടെ കാര്യത്തില്‍ പ്രവിശ്യാ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് കൂടുതല്‍ ശക്തമായ നിലപാടാണ് ആവശ്യപ്പെട്ടത്. അമേരിക്കയിലേക്കുള്ള പൊട്ടാഷിന്റെയും എണ്ണയുടെയും വിതരണം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപുമായി ഇടപെടുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം എല്ലാ ദിവസവും നിലപാട് മാറ്റുകയാണെന്നും ഒരു ദിവസം പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കുകയും അടുത്ത ദിവസം പൂര്‍ണമായും എതിര്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുമെന്നും ഫോര്‍ഡ് പറഞ്ഞു.

എണ്ണ കയറ്റുമതി സമ്മര്‍ദായുധമാക്കുന്നതിനെയും തിരിച്ചടി താരിഫുകളെയും ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് എതിര്‍ത്തു.

അമേരിക്കയിലേക്കുള്ള ഊര്‍ജവിതരണം തടയുന്നത് 'വളരെ മോശം തീരുമാനമായിരിക്കും' എന്ന് അവര്‍ പറഞ്ഞു.

കാനഡ- അമേരിക്ക അതിര്‍ത്തി കടന്ന് പ്രതിദിനം ഏകദേശം 5.4 ലക്ഷം ബാരല്‍ എണ്ണയും പ്രകൃതി വാതകവും കടത്തുന്ന ലൈന്‍-5 പൈപ്പ്‌ലൈന്‍ അമേരിക്ക അടച്ചുപൂട്ടിയാല്‍ ഒന്റാറിയോയിലേക്കും ക്യൂബെക്കിലേക്കും വിമാന ഇന്ധനം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വിതരണം തടസ്സപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്ക് പോകുമ്പോള്‍ ആദ്യം തന്നെ എതിര്‍പക്ഷത്തെ ആക്രമിക്കുമെന്ന് പറയരുതെന്നും ഇരുകൂട്ടര്‍ക്കും ഗുണകരമായ പരിഹാരമാണ് ലക്ഷ്യമിടേണ്ടതെന്നും സ്മിത്ത് പറഞ്ഞു.

ചര്‍ച്ചാ തന്ത്രത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കത്തില്‍ 'ടീം കാനഡ' എന്ന നിലയില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന നിലപാടാണ് എല്ലാ പ്രീമിയര്‍മാരും ആവര്‍ത്തിച്ചത്.

വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അതിലൂടെയാണ് ശക്തമായ തന്ത്രം രൂപപ്പെടുന്നതെന്നും ഓരോ യോഗം അവസാനിക്കുമ്പോഴും ഐക്യം കൂടുതല്‍ ശക്തമാണെന്ന ബോധ്യമാണ് ഉണ്ടാകുന്നതെന്നും നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ് പ്രീമിയര്‍ ആര്‍ ജെ സിംപ്സണ്‍ പറഞ്ഞു.

അതേസമയം, കാനഡ കോണ്‍ഫെഡറേഷന്റെ ഭരണാധികാരികള്‍ ഒത്തുകൂടിയ ചരിത്രനഗരമായ ഷാര്‍ലട്ട്ടൗണിന്റെ പശ്ചാത്തലം പരാമര്‍ശിച്ച കാര്‍ണി അന്നും വ്യാപാര തടസ്സങ്ങളും അമേരിക്കന്‍ ഭീഷണിയും കാനഡയെ വെല്ലുവിളിച്ചിരുന്നുവെന്ന് ഓര്‍മിപ്പിച്ചു. തങ്ങളുടെ ഏറ്റവും വലിയ ശക്തി ഐക്യമാണെന്നും നമ്മുടെ ഭാവി നമ്മുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വ്യാപാര ചര്‍ച്ചകളില്‍ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും സമയബന്ധിതവും സുതാര്യവുമായ ആശയവിനിമയം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍മാര്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കി.