ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രശ്നത്തിലെ വിദ്യാർത്ഥി പ്രക്ഷോഭം തണുപ്പിക്കാൻ അടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ 47 പേരെ പിരിച്ചുവിട്ടു. ചോർച്ച പ്രശ്നത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എൻടിഎയുടെ പ്രവർത്തനം ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളും സമരം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രം മുഖം രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. പേരിന് ചില മിനുക്കുപണികൾ നടത്തി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ നിന്ന് തടിയൂരുകയാണ് ലക്ഷ്യം. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തല്ക്കാലം പരിഗണിക്കാമെന്നാണ് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചത്. രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു.
അതേസമയം, പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാനും ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായി തടയുന്നതിനുമാണ് എൻടിഎയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇതിന്‍റെ ഭാഗമായി ചോദ്യപേപ്പർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഏജൻസിയുടെ ഔട്ട്സോഴ്‌സിങ് രീതി പുനഃപരിശോധിക്കാനും തിരുത്തലുകൾ വരുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ് ജീവനക്കാരെയും ആശ്രയിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
അതിനിടെ, സിജെപി പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ ഡൽഹി പൊലീസ് നിയന്ത്രണം കടുപ്പിച്ചു. ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. മേഖലയിലേക്കുള്ള സർവീസുകൾ ഒഴിവാക്കാൻ ആപ്പുകൾക്കും നിർദേശം നൽകി.
വീണ്ടും മിനുക്കുപണി; ചോദ്യപേപ്പർ ചോർച്ച പ്രശ്നത്തിലെ പ്രക്ഷോഭം തണുപ്പിക്കാൻ കേന്ദ്രത്തിന്റെ അടുത്ത നടപടി, എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
