ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ക്ലിന്റണിന് വടക്കുപടിഞ്ഞാറ് പടരുന്ന കാട്ടുതീയില്‍ ഏകദേശം 20 സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു.
തോംപ്സണ്‍-നിക്കോള റീജിയണല്‍ ഡിസ്ട്രിക്ട് (ടി എന്‍ ആര്‍ ഡി) എമര്‍ജന്‍സി ഓപ്പറേഷന്‍സ് ഡയറക്ടര്‍ കെവിന്‍ സ്‌ക്രെപ്നെക് പറയുന്നതനുസരിച്ച് തീപിടിത്തത്തിലാണ് നാശനഷ്ടമുണ്ടായത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളുടെ പുറംഭാഗം ഉരുകിപ്പോയപ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കെട്ടിടങ്ങളും കത്തിനശിച്ചു.
നശിച്ച കെട്ടിടങ്ങളുടെ എണ്ണം ഡസന്‍ കണക്കിനാണെന്നും നിര്‍ഭാഗ്യവശാല്‍ അവയില്‍ ചിലത് വീടുകളുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫിഫ്റ്റിനൈന്‍ ക്രീക്ക് കാട്ടുതീ പ്രദേശത്തുകൂടി വ്യാപിച്ചതിന് പിന്നാലെ അധികൃതര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുകയും തുടര്‍ന്ന് ഉടമകളെ വിവരമറിയിക്കുകയും ചെയ്തു.
തീപിടിത്തം അതിശക്തമായി തുടരുകയാണെന്നും വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നും സ്‌ക്രെപ്നെക് മുന്നറിയിപ്പ് നല്‍കി.
108 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന കാട്ടുതീ ബിഗ് ബാര്‍ തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഇടയാക്കി. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ക്ലിന്റണ്‍ ഗ്രാമത്തിനാകെ ഒഴിപ്പിക്കല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ബിഗ് ബാര്‍ കോംപ്ലക്സ് തീപിടിത്തത്തില്‍ ഉള്‍പ്പെടുന്ന ഫ്രഞ്ച് ബാര്‍ ക്രീക്ക്, പിയര്‍ ലേക്ക് എന്നിവിടങ്ങളിലെ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ക്ക് കടുത്ത ചൂടും വരണ്ട കാലാവസ്ഥയും വെല്ലുവിളിയാകുകയാണെന്ന് ബി സി വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു. തീ കൂടുതല്‍ വ്യാപിക്കാനും ശക്തിപ്പെടാനുമുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ബിഗ് ബാര്‍ റോഡിന്റെ തെക്കുഭാഗത്ത് തീ നിയന്ത്രിച്ചുനിര്‍ത്താനാണ് അശറ്ിശമന സേനയുടെ പ്രധാന ശ്രമമെന്ന് ബി സി വൈല്‍ഡ്ഫയര്‍ സര്‍വീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മിഖായില്‍ എല്‍സായ് പറഞ്ഞു.
തീപിടിത്തത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലുണ്ടാക്കിയ നിയന്ത്രണ രേഖകള്‍ വരെ തീ എത്തിയിട്ടുണ്ടെന്നും തെക്കുകിഴക്കന്‍ ഭാഗത്താണ് സ്ഥിതി ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഗ് ബാര്‍ തടാകത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലെയും ബിഗ് ബാര്‍ റോഡ് ഇടനാഴിയിലെയും കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളും തീയുടെ വ്യാപനം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
കാട്ടുതീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പോരാടുന്നതിനിടെ ക്ലിന്റണിലെ സ്റ്റേജ്‌കോച്ച് കഫേ നടത്തുന്ന നിക്ക് കോസോവിക്കും മാതാവ് മരിയയും ശനിയാഴ്ച മുതല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിലാണ്.
ദിവസവും ഏകദേശം 18 മണിക്കൂര്‍ വീതം ജോലി ചെയ്താണ് നൂറുകണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കിയതെന്ന് നിക്ക് പറഞ്ഞു. പിന്നീട് ക്യാമ്പ് അടുക്കള പ്രവര്‍ത്തനം ആരംഭിച്ചതോടെ ജോലിഭാരം കുറച്ചെങ്കിലും ആദ്യ ദിവസങ്ങളില്‍ വലിയ സമ്മര്‍ദം നേരിടേണ്ടിവന്നതായി അദ്ദേഹം വ്യക്തമാക്കി.
രാപ്പകലില്ലാതെ ഭക്ഷണം തയ്യാറാക്കാന്‍ താനും അമ്മയും മാറിമാറി മാത്രമാണ് ഉറങ്ങിയതെന്നും നിക്ക് പറഞ്ഞു.
തീ അണയ്ക്കുന്ന ഈ സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 3,000 മുതല്‍ 5,000 വരെ കലോറി ചെലവഴിക്കുന്നവരാണെന്നും അതിനാല്‍ സാധാരണ ഭക്ഷണമല്ല അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘനേരത്തെ കഠിനാധ്വാനമാണെങ്കിലും ഈ സേവനം വലിയ സംതൃപ്തിയാണ് നല്‍കുന്നതെന്ന് മരിയ പറഞ്ഞു. കാംലൂപ്പ്സിലും ആഷ്‌ക്രോഫ്റ്റിലും നിന്ന് സുഹൃത്തുക്കള്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് സഹായിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്കു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാവരും സഹായിക്കുന്നതെന്നും അവരുടെ സേവനത്തിന് അതിയായ നന്ദിയുള്ളവരാണെന്നും മരിയ പറഞ്ഞു.
അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് നിക്കിന്റെ വീടിനും ഒഴിപ്പിക്കല്‍ ഉത്തരവ് ബാധകമായതിനാല്‍ ഇപ്പോള്‍ അദ്ദേഹം കഫേയിലാണ് താമസിക്കുന്നത്.
65 അഗ്നിശമന സേനാംഗങ്ങളും 13 ഹെലികോപ്റ്ററുകളും 57 ഹെവി ഉപകരണ വാഹനങ്ങളും 77 ഘടനാ സംരക്ഷണ യൂണിറ്റുകളും കാട്ടുതീ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
