ഇറാന് ദുഷ്ടലക്ഷ്യങ്ങളുണ്ടെന്ന് ട്രംപ്; ആണവായുധം ലഭിക്കാന്‍ ഒരിക്കലും അനുവദിക്കില്ല

ഇറാന് ദുഷ്ടലക്ഷ്യങ്ങളുണ്ടെന്ന് ട്രംപ്; ആണവായുധം ലഭിക്കാന്‍ ഒരിക്കലും അനുവദിക്കില്ല


വാഷിംഗ്ടണ്‍: ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. തെഹ്‌റാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

വാഷിംഗ്ടണിലെ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇ പി എ) ആസ്ഥാനത്ത് 'റേറ്റ്‌പെയര്‍ പ്രൊട്ടക്ഷന്‍ പ്ലെഡ്ജ്' പദ്ധതി പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ട്രംപ് ഇറാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഇറാന്‍ ഇപ്പോഴും ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലെന്നും ആ രാജ്യത്തിന് 'ദുഷ്ട ലക്ഷ്യങ്ങള്‍' ഉണ്ടെന്നും ട്രംപ് ആരോപിച്ചു.

ഇറാനെതിരായ കാര്യങ്ങളില്‍ വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അവര്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും അവര്‍ക്കു ദുഷ്ട ലക്ഷ്യങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു.

ആണവായുധം സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇറാനെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന് ഒരിക്കലും ആണവായുധം ലഭിക്കില്ലെന്നത് ് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരോ മറ്റ് രാജ്യങ്ങളോ നേരത്തേ ചെയ്യേണ്ട കാര്യമായിരുന്നുവെന്നും അത് തങ്ങള്‍ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നും എന്നാല്‍ തങ്ങളിത് ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യില്ലന്നും അത് ചെയ്യാനുള്ള കഴിവ് മറ്റാര്‍ക്കും ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കന്‍ സൈന്യത്തിന്റെ കരുത്തിനെയും ട്രംപ് പ്രശംസിച്ചു.

തന്റെ ആദ്യ പ്രസിഡന്റുകാലത്താണ് അമേരിക്കന്‍ സൈന്യത്തെ ശക്തിപ്പെടുത്തിയതെന്നും ഇപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അതിനെ വിനിയോഗിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയെയും എണ്ണ ഉത്പാദനത്തെയും പരാമര്‍ശിച്ച ട്രംപ്, അമേരിക്ക നടത്തിയ യുദ്ധച്ചെലവുകള്‍ പലമടങ്ങ് തിരിച്ചുകിട്ടിയെന്നും അവകാശപ്പെട്ടു.

അതേസമയം, ഇറാനെതിരായ സമുദ്രനടപടികള്‍ ശക്തമാക്കിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഒമ്പത് ദിവസം മുമ്പ് നാവിക ഉപരോധം പുന:രാരംഭിച്ചതിന് ശേഷം 12 വാണിജ്യ കപ്പലുകളുടെ ഗതിമാറ്റം നടത്തിയതായും ഒരു കപ്പലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതായും സെന്റ്‌കോം അവകാശപ്പെട്ടു. ഇറാനിലെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും കപ്പലുകളുടെ ഗതാഗതം തടയാനാണ് നടപടിയെന്നും സെന്റ്കോം വ്യക്തമാക്കി.

ഇതിനിടെ, കുവൈത്തിലെയും ജോര്‍ദാനിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ ആര്‍ ജി സി) ഇറാന്‍ സൈന്യവും അവകാശപ്പെട്ടു.

വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാന് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ തങ്ങളുടെ നടപടികള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്ന് റൂബിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ സമീപനത്തെ 'ഒരു കണ്ണിന് ഒരു തല' എന്ന രീതിയിലുള്ള ശക്തമായ പ്രതികരണമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കരാറുകള്‍ പാലിക്കുന്നതില്‍ ഇറാന്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുവെന്ന് ആരോപിച്ച റൂബിയോ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകുന്നതുവരെ അമേരിക്ക സമ്മര്‍ദം തുടരുമെന്നും വ്യക്തമാക്കി.