ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നിയമം; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നിയമം; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൂടുതല്‍ കര്‍ശന ശിക്ഷയും വേഗത്തിലുള്ള അന്വേഷണവും വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവിലെ നിയമങ്ങളേക്കാള്‍ കര്‍ശനമായ ശിക്ഷ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരട് ബില്ലിന് അംഗീകാരം നല്‍കിയത്. പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരായ നിയമസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അടുത്ത ആഴ്ച പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സംഭവങ്ങള്‍ മൂലം പരീക്ഷാ സംവിധാനത്തില്‍ ഉണ്ടായ വിശ്വാസക്ഷയം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്. കരട് ബില്ലില്‍ കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ, 10 കോടി രൂപ വരെ പിഴ, കൂടാതെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സുപ്രധാന പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കരട് ബില്ലിനെക്കുറിച്ച് പ്രതികരിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഈ ബില്‍ അവതരിപ്പിക്കുന്നതില്‍ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സുപ്രധാന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ച തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം കോണ്‍ഗ്രസിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്ന ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്.

2024-ല്‍ നിലവില്‍ വന്ന പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ടില്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ബില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, മേയില്‍ നടന്ന നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, പരീക്ഷാ ക്രമക്കേടുകളില്‍ ഉത്തരവാദിത്തം നിശ്ചയിക്കുക, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.