മോസ്‌കോ: റഷ്യയിലെ കിറോവ് മേഖലയിലെ ഒരു പ്രധാന വ്യവസായ സ്ഥാപനത്തെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മേഖലാ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ സോകോളോവ് അറിയിച്ചു.
മോസ്‌കോയില്‍ നിന്ന് ഏകദേശം 790 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കിറോവിലെ സ്ഥാപനത്തെയാണ് ആക്രമണം ലക്ഷ്യമിട്ടത്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിവരികയാണെന്ന് ഗവര്‍ണര്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായെങ്കിലും അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും സോകോളോവ് പറഞ്ഞു.
അതേസമയം, കിറോവിലെ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് റഷ്യന്‍ സൈന്യത്തിന്റെ പ്രധാന സൈനിക വ്യവസായ സ്ഥാപനമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ നഗരങ്ങള്‍ക്കെതിരായ വ്യോമാക്രമണങ്ങളില്‍ ഉപയോഗിക്കുന്ന റഷ്യന്‍ വിമാനങ്ങള്‍ക്കും മിസൈല്‍ സംവിധാനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
റഷ്യയിലെ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ വൈല്‍ഡ്ബെറീസിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് പുറത്തുള്ള വെയര്‍ഹൗസുകള്‍ക്കും ഈ ആഴ്ച മൂന്നാം തവണ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണുകളുടെ ഘടകങ്ങള്‍ സംഭരിക്കുകയും റഷ്യന്‍ സൈന്യത്തെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുക്രെയ്ന്‍ ഈ സ്ഥാപനത്തെ ലക്ഷ്യമിടുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപം റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. മുന്‍നിര നഗരമായ സ്ലോവ്യാന്‍സ്‌കില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും സെലന്‍സ്‌കി പറഞ്ഞു.
റഷ്യയ്‌ക്കെതിരായ പ്രത്യാക്രമണങ്ങളുടെ ലക്ഷ്യം മോസ്‌കോയെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരികയും നാലു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയുമാണെന്ന് യുക്രെയ്ന്‍ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ഈ വേനല്‍ക്കാലത്താണെന്നാണ് റിപ്പോര്‍ട്ട്.
