ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയില്‍ പൊലീസും സൈന്യം സംയുക്തമായി പ്രവര്‍ത്തിച്ചിരുന്ന സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 12 പാക് സൈനികരും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 ഭീകരരെ സുരക്ഷാസേന വധിച്ചതായും പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് വെള്ളിയാഴ്ച അറിയിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ആദ്യം ഭീകരര്‍ സംയുക്ത ചെക്ക്‌പോസ്റ്റിന്റെ സുരക്ഷാവലയം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന ആക്രമണം ചെറുത്തു. തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചെക്ക്‌പോസ്റ്റിന്റെ ചുറ്റുമതിലിലേക്ക് ഇടിച്ചുകയറ്റി വന്‍ സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ 12 സൈനികരും രണ്ട് പൊലീസുകാരും വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി ഐ എസ് പി ആര്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ 12 ഭീകരരെ സുരക്ഷാസേന വധിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് ടാങ്ക് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ജംഷേദ് ഖാന്‍ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ 144-ാം വകുപ്പ് പ്രഖ്യാപിക്കുകയും ജില്ലയിലുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. പുതിയ ഉത്തരവ് വരുന്നതുവരെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമപാലന ഏജന്‍സികള്‍, രക്ഷാപ്രവര്‍ത്തന സേന, ആംബുലന്‍സ് സേവനം, അഗ്നിരക്ഷാസേന, മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷാസേനയുമായി സഹകരിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ ഗവര്‍ണര്‍ ഫൈസല്‍ കരീം കുണ്ടി നിര്‍ദേശിച്ചു.
രക്ഷാപ്രവര്‍ത്തനവും സുരക്ഷാ നടപടികളും പൂര്‍ത്തിയായ ശേഷം ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും മറ്റ് നാശനഷ്ടങ്ങളുടെ വിവരങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
