ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ വിമർശകർക്കെതിരെ സോനം വാങ്ചുക്; 'സർക്കാരുമായി ഒത്തുതീർപ്പെന്ന പ്രചാരണം ലജ്ജാകരം'

ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ വിമർശകർക്കെതിരെ സോനം വാങ്ചുക്; 'സർക്കാരുമായി ഒത്തുതീർപ്പെന്ന പ്രചാരണം ലജ്ജാകരം'


ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്, തന്റെ തീരുമാനത്തെ വിമർശിച്ചവർക്കെതിരെ ശക്തമായി പ്രതികരിച്ചു. സർക്കാരുമായി രഹസ്യ ധാരണയിലെത്തിയാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് വാങ്ചുകിന്റെ പ്രതികരണം. വിദ്യാർഥികൾക്കുവേണ്ടി 26 ദിവസം ഉപവസിച്ചതിനിടെ 11 കിലോഗ്രാമോളം ഭാരം കുറഞ്ഞതായും ശരീരാവയവങ്ങളുടെയും മസ്തിഷ്‌കത്തിന്റെയും പ്രവർത്തനം ഗുരുതരമായി ബാധിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ തണുപ്പിൽ നിന്ന് ഡൽഹിയിലെ കടുത്ത ചൂടിലേക്കെത്തി നടത്തിയ സമരത്തിന് ശേഷം, തന്റെ ആത്മാർഥത തെളിയിക്കാൻ ആരുടെയും 'സ്വഭാവ സർട്ടിഫിക്കറ്റ്' ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നോ ആരുടെ കൈയിൽ നിന്നാണ് ഉപവാസം അവസാനിപ്പിച്ചതെന്നോ ചോദ്യം ചെയ്യുന്നവർ രാജ്യത്തിന് തന്നെ അപമാനമാണ്. ഇത്തരം ചിന്തകൾ ഉയരുന്ന സാഹചര്യം ലജ്ജാകരമാണ്,' വാങ്ചുക് പറഞ്ഞു.

തന്നെ വിമർശിക്കുന്നവരോട് വ്യക്തിപരമായ വിരോധമില്ലെന്നും, കഴിഞ്ഞ ദിവസങ്ങളിൽ താനും കുടുംബവും നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് പലർക്കും അറിവില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും ആരോപണങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലവും രാഷ്ട്രീയ താൽപര്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കേന്ദ്ര സർക്കാർ മത്സരപരീക്ഷാ സംവിധാനത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും നീറ്റ് വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്നും രേഖാമൂലമുള്ള ഉറപ്പ് നൽകിയതിനെ തുടർന്നാണ് വാങ്ചുക് വെള്ളിയാഴ്ച ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും മെഡാന്ത ആശുപത്രിയിലെത്തി രേഖാമൂലമുള്ള ഉറപ്പ് കൈമാറിയ ശേഷമാണ് സമരം അവസാനിപ്പിച്ചതെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ വാക്കാൽ ഉറപ്പ് ലഭിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള ഉറപ്പിനാണ് താൻ നിർബന്ധം പിടിച്ചതെന്നും അതിനാലാണ് ഉപവാസം അവസാനിപ്പിക്കുന്നത് രണ്ട് ദിവസം വൈകിയതെന്നും വാങ്ചുക് പറഞ്ഞു.

അതേസമയം, ജന്തർമന്തറിൽ സമരം തുടരുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ആവർത്തിച്ചു. കേന്ദ്രമന്ത്രിമാരുമായി നടന്ന ചർച്ചയിൽ ഈ ആവശ്യത്തിൽ തീരുമാനമെടുക്കാൻ ശനിയാഴ്ച ഉച്ചവരെ സമയം ആവശ്യപ്പെട്ടതായി സിജെപി നേതാക്കൾ അറിയിച്ചു. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രിയുടെ രാജി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.