ന്യൂഡൽഹി: നീറ്റ്‌യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തെ ചുറ്റിപ്പറ്റി വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്നാരോപിച്ച് പാകിസ്താനിൽ നിന്നുള്ള 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് തടഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. സമരാവസ്ഥ ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ അക്കൗണ്ടുകൾ ശ്രമിച്ചതെന്നും പൊലീസ് ആരോപിച്ചു.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതൃത്വത്തിൽ ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് ഡൽഹി പൊലീസിന്റെ നടപടി.
സമൂഹമാധ്യമങ്ങളിൽ ഏകോപിതമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടതായാണ് പൊലീസ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പറയുന്നത്. പാകിസ്താൻ ആസ്ഥാനമായുള്ള 400ലധികം അക്കൗണ്ടുകൾ സമരത്തെക്കുറിച്ച് വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും ഇവ തടഞ്ഞുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് ഈ എണ്ണം 480 ആയി ഉയർന്നതായും അറിയിച്ചു.
'ഓപ്പറേഷൻ സിന്ദൂർ' സമയത്തും സജീവമായിരുന്ന ചില അക്കൗണ്ടുകളാണ് ഇപ്പോഴും വ്യാജപ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്നാണ് പൊലീസിന്റെ ആരോപണം. ജനങ്ങളെ പ്രകോപിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർഥികളെ വഴിതെറ്റിക്കാനുമാണ് ഇത്തരം അക്കൗണ്ടുകളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
വ്യാജ പോസ്റ്റുകളോ എഡിറ്റ് ചെയ്ത വീഡിയോകളോ പേരില്ലാത്ത സമൂഹമാധ്യമ അക്കൗണ്ടുകളോ വിശ്വസിക്കരുതെന്നും വിദ്യാർഥികളും പൊതുജനങ്ങളും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ഡൽഹി പൊലീസ് അഭ്യർഥിച്ചു.
അതേസമയം, സിജെപി സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്താൻ പ്രതികരിക്കാൻ തയ്യാറായില്ല. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയില്ലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി പ്രതിവാര മാധ്യമസമ്മേളനത്തിൽ വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെ സമരം വ്യാഴാഴ്ച 35ാം ദിവസത്തിലേക്ക് കടന്നു. ജൂലൈ 20ന് നടന്ന 'സംസദ് ചലോ' മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
നീറ്റ് സമരവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം; പാകിസ്താനിൽ നിന്നുള്ള 480 സമൂഹമാധ്യമ അക്കൗണ്ടുകൾ തടഞ്ഞതായി ഡൽഹി പൊലീസ്
