മൻകി ബാത്ത് വീഡിയോ വീണ്ടും; ഇന്നലത്തെ വീ‍ഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി! രണ്ടാം ദിവസവും ഇൻസ്റ്റയിൽ പ്രധാനമന്ത്രി

മൻകി ബാത്ത് വീഡിയോ വീണ്ടും; ഇന്നലത്തെ വീ‍ഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി! രണ്ടാം ദിവസവും ഇൻസ്റ്റയിൽ പ്രധാനമന്ത്രി


ന്യൂഡൽഹി: തുടർച്ചയായി രണ്ടാം ദിവസം രാത്രിയിലും വീഡിയോ സന്ദേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കഴിഞ്ഞദിവസത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ഇൻസ്റ്റാഗ്രാമിൽ സജീവമാകണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്തത്. 

ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നടപടികൾ വ്യക്തമാക്കുന്ന ഇന്നലത്തെ വീഡിയോയുടെ തുടർച്ചയായാണ് ഇന്ന് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "സുഹൃത്തുക്കളെ, നന്ദി. ഇന്നലെ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ആ വീഡിയോയോട് നിങ്ങൾ പ്രതികരിച്ച രീതിയും നൽകിയ ക്രിയാത്മകമായ നിർദ്ദേശങ്ങളും... എല്ലാവർക്കും നന്ദി," അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. "എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും, നമ്മുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്യും... നന്ദി സുഹൃത്തുക്കളെ," അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രി മോദി ചോദ്യപേപ്പർ ചോർച്ച സംഭവമാണ് ചൂണ്ടിക്കാട്ടിയിരുന്നത്. "സുഹൃത്തുക്കളേ, ചോദ്യപേപ്പർ ചോർച്ച സാധാരണമായ ഒരു വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ പല നടപടികളും സ്വീകരിച്ചിരിക്കുന്നത്. കുറ്റവാളികളെ പിടികൂടുകയും അവർ ഇപ്പോൾ ജയിലിലാവുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടാതിരിക്കുക എന്നത് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായിരുന്നു. പരീക്ഷകൾ ഉടൻ തന്നെ നടത്തേണ്ടത് വളരെ അനിവാര്യമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.