അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാന പദ്ധതിക്ക് ഇന്ത്യ അംഗീകാരം നല്‍കി

അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാന പദ്ധതിക്ക് ഇന്ത്യ അംഗീകാരം നല്‍കി


ന്യൂഡല്‍ഹി: അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇന്ത്യയുടെ വ്യോമ പോരാട്ട വീര്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയ പ്രതിരോധ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എ എം സി എ) ഇന്ത്യന്‍ വ്യോമസേനയ്ക്കായി വികസിപ്പിക്കുന്നതിന്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകരിച്ചത്.

എഫ്-22 റാപ്റ്റര്‍, എഫ്-35 ലൈറ്റ്നിംഗ് 2, സു-57 തുടങ്ങിയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ അമേരിക്ക, റഷ്യ, ചൈന എന്നീ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ ഉള്ളൂ.

തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുമായി ചേര്‍ന്ന് എ എം സി എ വരും ദശകങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നട്ടെല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റുകള്‍ അവയുടെ രഹസ്യ നീക്കങ്ങള്‍, മികച്ച സാഹചര്യ അവബോധം, നൂതന സെന്‍സറുകള്‍, സംയോജിത യുദ്ധ നെറ്റ്വര്‍ക്ക് കഴിവുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്.

ആഫ്റ്റര്‍ബേണറുകളില്‍ ഏര്‍പ്പെടാതെ സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാനും ശത്രു റഡാര്‍ കണ്ടെത്തല്‍ ഒഴിവാക്കാനും അവയ്ക്ക് കഴിയും. 

സ്വകാര്യ മേഖലയിലെ കമ്പനികളെ പദ്ധതിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് സ്വതന്ത്രമായോ സംയുക്ത സംരംഭമായോ കണ്‍സോര്‍ഷ്യമായോ ലേലം വിളിക്കാം. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഇന്ത്യന്‍ കമ്പനിയായിരിക്കണമെന്നതാണ് നിബന്ധനയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന് ചൈന ആയുധങ്ങള്‍ നല്‍കുന്നത് തുടരുകയും ഇസ്ലാമാബാദിന്റെ ആയുധ ഇറക്കുമതിയുടെ 80 ശതമാനത്തിലധികവും ചൈനയായതും ഇന്ത്യ പുതിയ ഗവേഷണങ്ങള്‍ നടത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി, എ എം സി എ പ്രോഗ്രാമിന് തത്വത്തില്‍ അംഗീകാരം നല്‍കി. എ എം സി എ പദ്ധതിയുടെ ഏകദേശ വികസന ചെലവ് 15,000 കോടി രൂപയാണ്.

ദീര്‍ഘകാല തന്ത്രപരമായ ആവശ്യകതകളും നിലവിലെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അഭാവവും കണക്കിലെടുത്ത് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് വളരെക്കാലമായി എ എം സി എ പ്രോഗ്രാമിനായി ആവശ്യം ഉന്നയിക്കുന്നുണ്ട്. 

തേജസിന്റെ വിജയകരമായ നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസം വളരെയധികം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത തേജസ് വ്യോമ പോരാട്ടത്തിനും ആക്രമണ ദൗത്യങ്ങള്‍ക്കും കഴിവുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.