ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ ടെക് കമ്പനിയായ സാംസങ്ങിനോട് വന്‍തുക പിഴ അടയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഏറെക്കാലമായുള്ള നികുതിയും പിഴയും ഉള്‍പ്പെടെ 601 മില്യണ്‍ ഡോളറാണ് (51,569,790,000 രൂപ) പിഴ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പ്രധാനപ്പെട്ട ടെലികോം ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള താരിഫുകള്‍ തുടര്‍ച്ചയായി അവഗണിച്ചുവെന്നും കേന്ദ്രം ആരോപിക്കുന്നു. ആദ്യമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്ര വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് സാംസങ് കഴിഞ്ഞ വര്‍ഷം 955 മില്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്. ഇതിന്റെ നിശ്ചിത ഭാഗമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക് വസ്തുക്കള്‍ വില്‍ക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് സാംസങ്. അതേ സമയം ഈ ഉത്തരവിനെ നിയമപരമായി നേരിടാനാണ് സാംസങ് തീരുമാനിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലികോം ഉത്പന്നങ്ങള്‍ രാജ്യത്തെ ശ്യംഖലകള്‍ വഴി ഇറക്കുമതി ചെയ്യുമ്പോള്‍ താരിഫ് ഒഴിവാക്കുന്നതിന് കുറച്ചു കാണിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2023ല്‍ സാംസങിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കു വേണ്ടിയാണ് മൊബൈല്‍ ടവറിനു വേണ്ടിയുള്ള വസ്തുക്കള്‍ സാംസങ്ങ് ഇറക്കുമതി ചെയ്ത് വിറ്റത്. എന്നാല്‍ ഈ ഉപകരണങ്ങളൊന്നും നികുതി ആവശ്യമില്ലാത്തവയാണെന്നും വര്‍ഷങ്ങളായി ഇതേക്കുറിച്ച് അധികൃതര്‍ക്ക് അറിയാം എന്നുമാണ് സാംസങ്ങിന്റെ വാദം.