ദോഹ: ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് വെടി നിര്‍ത്തലിന് പകരമായി അ്ഞ്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ ദി ന്യൂ അറബിനോട് സംസാരിച്ച ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പന്ത് ഇപ്പോള്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെയും അമേരിക്കക്കാരുടെയും കോര്‍ട്ടിലാണെന്ന് അടുത്ത നീക്കം ഇസ്രായേലിനും അമേരിക്കയ്ക്കുമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട കരാറിന്റെ ഭാഗമായി യു എസ്- ഇസ്രായേല്‍ പൗരനായ എഡാന്‍ അലക്‌സാണ്ടര്‍ മോചിതരാകുന്നവരില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അമേരിക്കയും ഖത്തറും സജീവ പങ്കുവഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഈദുല്‍ ഫിത്തര്‍ അവധി ഞായറാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കും.
നേരത്തെ, ചര്‍ച്ചകളെക്കുറിച്ച് പരിചയമുള്ള വൃത്തങ്ങള്‍ ലെബനനിലെ അല്‍-അഖ്ബറിനോട് പറഞ്ഞത് ഈജിപ്തിന്റെ നിര്‍ദ്ദേശത്തില്‍ ഏകദേശം 50 ദിവസത്തെ താത്ക്കാലിക വെടിനിര്‍ത്തല്‍ ഉള്‍പ്പെടുന്നുവെന്നാണ്. പകരമായി, അഞ്ച് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. കൂടാതെ നിരവധി പാലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായങ്ങള്‍, ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ അനുവദിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്നതിനും ഈ ക്രമീകരണം സഹായിക്കും.
അതിനിടെ കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ഒരു ഓപ്പറേഷനില്‍ നിരവധി ഹമാസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടപ്പോള്‍ ആംബുലന്‍സുകള്‍ക്കും ഫയര്‍ ട്രക്കുകള്‍ക്കും നേരെ തങ്ങളുടെ സൈന്യം അബദ്ധത്തില്‍ വെടിയുതിര്‍ത്തതായി ഇസ്രായേല്‍ സൈന്യം സമ്മതിച്ചു.
തെല്‍ സുല്‍ത്താന്‍ പ്രദേശത്താണ് സംഭവം നടന്നത്. കുറഞ്ഞത് ഒരു രക്ഷാപ്രവര്‍ത്തകനെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതായി ഹമാസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.
ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) പറയുന്നതനുസരിച്ച് സൈന്യം തുടക്കത്തില്‍ ഹമാസ് വാഹനങ്ങള്‍ ലക്ഷ്യമാക്കി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കൂടുതല്‍ വാഹനങ്ങള്‍ സൈനികര്‍ക്ക് നേരെ സംശയാസ്പദമായി നീങ്ങി. സംശയാസ്പദമായ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈന്യം പ്രതികരിച്ചു.
എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ 'സംശയാസ്പദമായ ചില വാഹനങ്ങള്‍ ആംബുലന്‍സുകളും ഫയര്‍ ട്രക്കുകളുമായിരുന്നു'' എന്ന് കണ്ടെത്തി.
പ്രസ്തുത വാഹനങ്ങളില്‍ ഏതെങ്കിലും ഇസ്രായേല്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച, ഹമാസിന്റെ സിവില്‍ ഡിഫന്‍സ് സര്‍വീസ് ടീം തകര്‍ന്ന വാഹനങ്ങളും ഒരു ആംബുലന്‍സും ഒരു ഫയര്‍ ട്രക്കും കണ്ടെടുത്തതായി റിപ്പോര്‍ട്ട് ചെയ്തു. പാലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഒരു വാഹനവും നശിപ്പിക്കപ്പെട്ടുവെന്നും അത് 'ഒരു കൂട്ടം സ്‌ക്രാപ്പ് മെറ്റല്‍' ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.