റോമിലെ ടെസ്‌ല ഡീലര്‍ഷിപ്പിലെ തീവെപ്പ് സംഭവം 'ഭീകരവാദം' എന്ന് എലോണ്‍ മസ്‌ക്

റോമിലെ ടെസ്‌ല ഡീലര്‍ഷിപ്പിലെ തീവെപ്പ് സംഭവം 'ഭീകരവാദം' എന്ന് എലോണ്‍ മസ്‌ക്


വാഷിംഗ്ടണ്‍: യൂറോപ്പിലുടനീളം ടെസ്‌ല വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പരമ്പരയ്ക്കിടെ, റോമിലെ തന്റെ കമ്പനിയുടെ ഡീലര്‍ഷിപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ 17 ലധികം കാറുകള്‍ നശിച്ചതായി സിഇഒ എലോണ്‍ മസ്‌ക് തിങ്കളാഴ്ച പറഞ്ഞു.

തീപിടുത്തത്തില്‍ നശിച്ച ടെസ്‌ല കാറുകള്‍ കാണിക്കുന്ന ഒരു പോസ്റ്റില്‍, തന്റെ കമ്പനിയുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ മസ്‌ക് 'ഭീകരപ്രവര്‍ത്തനം' എന്നാണ് വിശേഷിപ്പിച്ചത്.

ഷോറൂമുകള്‍ക്ക് തീയിട്ടത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അരാജകവാദികളാണോ എന്നതിനെക്കുറിച്ച് ഡിഗോസ് എന്ന ഇറ്റാലിയന്‍ പ്രത്യേക പോലീസ് യൂണിറ്റ് അന്വേഷണം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 4:30 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി കാറുകള്‍ക്ക് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി എലോണ്‍ മസ്‌കിന് പിന്തുണ അറിയിച്ചു. 'ടെസ്‌ല കാര്‍ കമ്പനിക്കെതിരെ വളരെയധികം അന്യായമായ വിദ്വേഷം പ്രചരിക്കുകയാണെന്നും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലം എത്രയും വേഗം അവസാനിക്കണമെന്നും മാറ്റിയോ സാല്‍വിനി പറഞ്ഞു. എലോണ്‍ മസ്‌കിനും ഭീഷണി നേരിടുകയും ആക്രമിക്കപ്പെടുകയും ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും മാറ്റിയോ സാല്‍വിനി കൂട്ടിച്ചേര്‍ത്തു.

ടെസ്‌ല കാറുകള്‍ക്കെതിരായ നശീകരണം

മസ്‌ക് ട്രംപ് ഭരണകൂടത്തില്‍ അംഗമായതിനുശേഷം, ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (DOGE) തലവനായതുമുതല്‍, അമേരിക്കയിലും യൂറോപ്പിലെ നിരവധി രാജ്യങ്ങളിലും ടെസ്‌ല കാറുകള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.