വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കള്‍ക്കെതിരായ എല്ലാ നടപടികളും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കള്‍ക്കെതിരായ എല്ലാ നടപടികളും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു


കൊച്ചി : വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കള്‍ക്കെതിരായ എല്ലാ നടപടികളും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഹൈക്കോടതി ഇളവ് നല്‍കി. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.

സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഈ മാസം 25ന് ഹാജരാകാനാണ് സിബിഐ കോടതി മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ചിരുന്നത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ഈ വിവരം മാതാപിതാക്കള്‍ മറച്ചുവെച്ചുവെന്നുമാണ് കുറ്റപത്രത്തിലെ ഗുരുതരമായ കണ്ടെത്തല്‍. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.                                                                                                       

ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഉണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍ കേസ് അട്ടിമറിക്കുന്നതിന് സിബിഐ നടത്തുന്ന ആസൂത്രിതമായ അന്വേഷണത്തിന്റെ ഭാഗമായാണ് തങ്ങളെ പ്രതിചേര്‍ത്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചയെത്തുടര്‍ന്ന് ശരിയായ വിചാരണ നടക്കാതെ പ്രതികളെല്ലാം കുറ്റമുക്തരാക്കപ്പെട്ട കേസ് ആണിതെന്നും മാതാപിതാക്കളുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടെ ആദ്യ കണ്ടെത്തല്‍. എന്നാല്‍, കോടതി നിര്‍ദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017ലാണ് വാളയാര്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. 13 വയസുള്ള മൂത്ത കുട്ടിയെ ജനുവരി 13നും ഒമ്പ?ത് വയസുകാരിയായ ഇളയ കുട്ടിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.