വിഴിഞ്ഞ തുറമുഖത്തിന് റെക്കോര്‍ഡ് നേട്ടം; ഒരുമാസത്തിനുള്ളില്‍ അമ്പതിലേറെ കപ്പലുകള്‍ വന്നു; ഒരുലക്ഷത്തിലേറെ കെണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു

വിഴിഞ്ഞ തുറമുഖത്തിന് റെക്കോര്‍ഡ് നേട്ടം; ഒരുമാസത്തിനുള്ളില്‍ അമ്പതിലേറെ കപ്പലുകള്‍ വന്നു; ഒരുലക്ഷത്തിലേറെ കെണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു


തിരുവനന്തപുരം : കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ പ്രവര്‍ത്തനപന്ഥാവില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥപിച്ചിരിക്കുന്നു. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം.

മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പത്രകുറിപ്പില്‍ അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2025 മാര്‍ച്ചില്‍, 51 കപ്പലുകളില്‍ നിന്ന് 1.08 ലക്ഷം ടിഇയു (ഇരുപത് അടി തുല്യ യൂണിറ്റുകള്‍) തുറമുഖം കാര്യക്ഷമമായി കൈകാര്യം ചെയ്തു, ഇത് അതിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞു.

അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗവും ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവുമാണ് അതിവേഗത്തിലുള്ള വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖത്ത് 2024 ജൂലൈയില്‍ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, തുടര്‍ന്ന് 2024 ഡിസംബറില്‍ വാണിജ്യ സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചു.

'ഈ ദ്രുതഗതിയിലുള്ള പുരോഗതി ആഗോള സമുദ്ര വ്യാപാരത്തില്‍ ഒരു പ്രധാന കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള തുറമുഖത്തിന്റെ സാധ്യതയെ എടുത്തുകാണിക്കുന്നു, ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും വ്യവസായത്തിലെ ഒരു പ്രധാന സേവനദാതാവെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാസവന്‍ കൂട്ടിച്ചേര്‍ത്തു.