ന്യൂഡല്‍ഹി : പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ്. വസ്തുവകകള്‍ പരിപാലിക്കുകയാണ് വഖഫ് ബോര്‍ഡിന്റെ ചുമതല. പള്ളികളുടെ നിയന്ത്രണത്തില്‍ ഇടപെടുന്ന ഒന്നും ബില്ലില്‍ ഇല്ല. നടപടികള്‍ സുതാര്യമാക്കുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു.
പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടത്. സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. ബില്‍ ഭരണഘടനാ വിരുദ്ധമല്ല. പ്രതിപക്ഷം നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രം അധികാരങ്ങളില്‍ കൈ കടത്തില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശം ഉന്നയിക്കുന്നു. യുപിഎ ഭരണകാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരമാണ് നല്‍കിയത്. യുപിഎ ഭരണമായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് വഖഫിന് നല്‍കുമായിരുന്നു എന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. നിങ്ങള്‍ മതത്തിന്റേയും വോട്ടുബാങ്കിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്ലിങ്ങളെ 70 വര്‍ഷമായി കോണ്‍ഗ്രസ് വഞ്ചിച്ചു. ഞങ്ങള്‍ വഖഫ് ഭൂമി പാവപ്പെട്ട മുസ്ലിങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം എവിടെയെന്ന് റിജിജു ചോദിച്ചു. എല്ലാ വിഭാഗങ്ങളെയും വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിഭാവനം ചെയ്യുന്നത്. മുസ്ലിം സംഘടനകളെ പ്രതിനിധീകരിക്കുന്നതല്ല ബോര്‍ഡെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ എതിര്‍ത്താല്‍ ജനവിരോധം നേരിടേണ്ടി വരും.
ബില്ലില്‍ 284 സംഘങ്ങള്‍ അഭിപ്രായം അറിയിച്ചു. 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മതനേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. കോണ്‍ഗ്രസ് കാലത്തെ നിയമങ്ങള്‍ പോലെ അല്ല. വഖഫ് നിയമനങ്ങളില്‍ അടക്കം അധികാരം സംസ്ഥാനത്തിനായിരിക്കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതിനിടെ, യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. എന്നാല്‍ പ്രമചന്ദ്രന്റെ വാദം ആഭ്യന്ത്രമന്ത്രി അമിത് ഷാ തള്ളി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
സഭയെ മന്ത്രി കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. യുപിഎ സര്‍ക്കാരിനെ കുറിച്ച് പറഞ്ഞതെല്ലാം തെറ്റെന്ന് ഗൊഗോയ് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടി. ഈ ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. വഖഫ് ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ച നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും.
ആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല ; വഖഫ് ബില്‍ ലോക്‌സഭയില്‍
