ന്യൂയോര്‍ക്ക്: യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ ബ്രയാന്‍ തോംസണെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ലൂയിഗി മാംഗിയോണിന് വധശിക്ഷ നല്‍കണമെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.
'മുന്‍കൂട്ടി ആസൂത്രണം ചെയ്തതും ക്രൂരവുമായ കൊലപാതകം' നടത്തിയതിന് വധശിക്ഷ നല്‍കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 4 ന് ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിന് പുറത്തുവെച്ചാണ് തോംസണ്‍ വെടിയേറ്റ് മരിച്ചത്. രാജ്യവ്യാപകമായി പ്രതിക്കുവേണ്ടി പോലീസ് ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവില്‍ പെന്‍സില്‍വാനിയയില്‍ വെച്ച് 26 കാരനായ മാംഗിയോണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്‌റ്റേറ്റ് അറ്റോര്‍ണി ചുമത്തിയ കുറ്റങ്ങള്‍ മാംഗിയോണ്‍ നിഷേധിച്ചിട്ടുണ്ട്. പ്രത്യേക ഫെഡറല്‍ കുറ്റങ്ങള്‍ക്കായി ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ന്യൂയോര്‍ക്ക് ജയിലില്‍ കഴിയുന്ന പ്രതി വിചാരണ കാത്തിരിക്കുകയാണ്.
തോംസണിന്റെ കൊലപാതകം 'ഒരു രാഷ്ട്രീയ അക്രമ പ്രവൃത്തിയായിരുന്നു' എന്നും കൊലപാതക ശ്രമം സമീപത്തുള്ള 'കൂടുതല്‍ ആളുകള്‍ക്ക് മരണത്തിന് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കിയിരിക്കാം' എന്നും പത്രക്കുറിപ്പില്‍, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.
യുഎസ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളോടുള്ള ദേഷ്യം മൂലമാണ് 50 കാരനായ തോംസണെ കൊല്ലാന്‍ മാംഗിയോണിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷകര്‍ പറയുന്നത്.
ലുയിഗി മാംഗിയോണിന് വധശിക്ഷ ശുപാര്‍ശചെയ്യുന്ന അറ്റോര്‍ണിയുടെ തീരുമാനത്തെ 'കാടത്തം' എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷക കാരെന്‍ ഫ്രീഡ്മാന്‍ അഗ്‌നിഫിലോ വിശേഷിപ്പിച്ചത്. 'തകര്‍ന്നതും, അധാര്‍മികവും, കൊലപാതകപരവുമായ ആരോഗ്യ സംരക്ഷണ വ്യവസായത്തെ സര്‍ക്കാര്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അഭിഭാഷക ആരോപിച്ചു. സംസ്ഥാന, ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ തമ്മിലുള്ള ഒരു വടംവലിയില്‍ കുടുങ്ങിപ്പോയ ഇരയാണ് മാംഗിയോണ്‍ എന്നും പ്രതിഭാഗം കാരെന്‍ ഫ്രീഡ്മാന്‍ അഗ്‌നിഫിലോ പറഞ്ഞു.
'കൊലപാതകത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോള്‍, ഫെഡറല്‍ സര്‍ക്കാര്‍ ലൂയിഗിയുടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതും, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതുമായ കൊലപാതകത്തിലേക്ക് നീങ്ങുകയാണ്,-കാരെന്‍ ഫ്രീഡ്മാന്‍ അഗ്‌നിഫിലോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതകവും തീവ്രവാദ കുറ്റകൃത്യവുമടക്കം മാംഗിയോണ്‍ 11 സംസ്ഥാന ക്രിമിനല്‍ കുറ്റങ്ങളാണ് നേരിടുന്നത്.
ബ്രയാന്‍ തോംസണിന്റെ കൊലപാതകം: ലൂയിഗി മാംഗിയോണിന് വധശിക്ഷ നല്‍കണമെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍
