ജറുസലേം: വ്യാപാര പങ്കാളികൾക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ യു.എസ് ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്ന തീരുവ ഒഴിവാക്കി ഇസ്രായേൽ. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുമത്തുന്ന മുഴുവൻ തീരുവയും ഒഴിവാക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇസ്രായേൽ ധനകാര്യമന്ത്രി നിർ ബറാകാത് കൂടി ഒപ്പിട്ടാൽ യു.എസ് ഉൽപന്നങ്ങൾക്കുള്ള മുഴുവൻ തീരുവയും ഒഴിവാകും. ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. 34 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് 2024ൽ ഇസ്രായേലും യു.എസും തമ്മിൽ നടത്തിയത്.
വിപണി കൂടുതൽ തുറക്കുന്നതിന്റെ ഭാഗമായാണ് തീരുവ കുറക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമ്പദ്!*!വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനും ജീവിതച്ചെലവ് കുറക്കാനും നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാമ്പത്തികമായ നേട്ടത്തിനൊപ്പം യു.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രായേൽ അറിയിച്ചു. നേരത്തെ ഇസ്രായേലും യു.എസും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം 98 ശതമാനം യു.എസ് ഉൽപന്നങ്ങൾക്കും ഇസ്രായേൽ തീരുവ ചുമത്തുന്നില്ല. നിലവിൽ യു.എസിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്കാണ് ഇസ്രായേൽ പ്രധാനമായും തീരുവ ചുമത്തുന്നത്.
ട്രംപിന്റെ സമ്മർദ്ദം: യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി ഇസ്രായേൽ
