ട്രംപിന്റെ ആദ്യ വിദേശ യാത്ര സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും; പദ്ധതികള്‍ അന്തിമ ഘട്ടത്തില്‍

ട്രംപിന്റെ ആദ്യ വിദേശ യാത്ര സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും; പദ്ധതികള്‍ അന്തിമ ഘട്ടത്തില്‍


വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയില്‍ രണ്ടാം വരവിലെ തന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലേക്കായിരിക്കുമെന്ന് ട്രംപ്. സന്ദര്‍ശനം വരുന്ന ആഴ്ചകളില്‍ എപ്പോഴും ആകാം. പദ്ധതികള്‍ ഇപ്പോഴും അന്തിമ ഘട്ടത്തിലാണെന്ന് കൃത്യമായ സന്ദര്‍ശന സമയം നല്‍കാതെ അദ്ദേഹം പറഞ്ഞു.

'മിഡില്‍ ഈസ്റ്റുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് ട്രംപ് തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ പറഞ്ഞു.  'സന്ദര്‍ശനം അടുത്ത മാസം ആകാം, ഒരുപക്ഷേ അല്‍പ്പം വൈകിയേക്കാം.'

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ നല്ല സൗഹൃദത്തിലാണെന്ന് ട്രംപ് പറഞ്ഞു. 2017 ല്‍ ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു റിയാദ്, അന്ന് സൗദിയുമായി യുഎസ് ഏകദേശം 350 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധ വില്‍പ്പനയും വാണിജ്യ കരാറുകളും പ്രഖ്യാപിച്ചു.

'അമേരിക്കന്‍ കമ്പനികളില്‍ ഒരു ട്രില്യണ്‍ ഡോളറിനടുത്ത് നിക്ഷേപിക്കാന്‍ സൗദി സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ട്രംപ് പറഞ്ഞു.

യാത്രയും അനുബന്ധ പദ്ധതികളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'പ്രസിഡന്റിന്റെ  അന്താരാഷ്ട്ര യാത്രകള്‍ പരിഗണനയിലിരിക്കുന്ന ഒന്നാണ്. ഞങ്ങള്‍ക്ക് ഇതുവരെ ഒരു പ്രത്യേക പദ്ധതിയില്ല, അത് ഔദ്യോഗികമാകുമ്പോള്‍ ഞങ്ങള്‍ ആ വിവരങ്ങള്‍ നല്‍കും.-വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ട്രംപിന്റെ അജണ്ടയില്‍ മിഡില്‍ ഈസ്റ്റ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നമേഖലയാണ്. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുഎസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതേസമയം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ എണ്ണ കണ്‍സോര്‍ഷ്യത്തിനും റിയാദ് നേതൃത്വം നല്‍കുന്നു. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനും തുടരുന്ന യുദ്ധത്തെ അടിച്ചമര്‍ത്തുന്നതിനും ഒപെക് വില കുറയ്ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ജനുവരിയില്‍ ട്രംപ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ യുഎസിന്റെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്. തെറ്റായി തടവിലാക്കപ്പെട്ട അമേരിക്കക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ഖത്തര്‍ യുഎസിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ മിഡില്‍ ഈസ്റ്റിലെ പ്രധാന യുഎസ് വ്യോമതാവളമായ അല്‍ ഉദൈദ് ഖത്തറിലാണ്.

യു.എ.ഇ. യു.എസിന്റെ പ്രധാന നയതന്ത്ര പങ്കാളിയാണ്. യു.എ.ഇ.യെപ്പോലെ, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സൗദി അറേബ്യ അബ്രഹാം കരാറുകളില്‍ ഒപ്പുവെക്കണമെന്ന് യു.എസും ആഗ്രഹിക്കുന്നു. യു.എ.ഇ.യെയും സൗദി അറേബ്യയെയും അത്തരം കരാറുകളില്‍ ഒപ്പുവെക്കുന്നത് ട്രംപ് ഭരണകൂടത്തിന് ഒരു വലിയ നയതന്ത്ര വിജയമായി മാറും.

മൂന്ന് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ കൈവും മോസ്‌കോയും തമ്മിലുള്ള, യുഎസ് ഏകോപിപ്പിക്കുന്ന ചര്‍ച്ചകളുടെ വേദി കൂടിയാണ് സൗദി അറേബ്യ.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്താമെന്ന് ട്രംപ് പറഞ്ഞു. അത് നിര്‍ദ്ദിഷ്ട യാത്രയുടെ ഭാഗമാകുമോ എന്ന് വ്യക്തമല്ല.

മറ്റ് രാജ്യങ്ങളും സന്ദര്‍ശിച്ചേക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. ഫെബ്രുവരിയില്‍ യുഎസിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ,കെയര്‍ സ്റ്റാര്‍മര്‍ ട്രംപിനെ ബ്രിട്ടനിലേക്ക് ഔദ്യോഗിക സന്ദര്‍ഡശനത്തിന് ക്ഷണിച്ചുകൊണ്ട്  ചാള്‍സ് മൂന്നാമന്‍ രാജാവ് കൊടുത്തുവിട്ട കത്ത് ട്രംപിന് കൈമാറിയിരുന്നു.