ഫ്രഞ്ച് വലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്‍ അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി; അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

ഫ്രഞ്ച് വലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്‍ അഴിമതിക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി; അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്


പാരീസ്: ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്നിന് ഫ്രഞ്ച് കോടതി അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതിന് വിചാരണ നേരിടുന്നതിനിടയിലാണ് കോടതി ലെ പെന്നിന് മത്സര വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ തന്നെ മാറ്റിമറിക്കുന്ന വിധിയാണിത്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പൊതുസ്ഥാനം തേടുന്നതില്‍ നിന്ന് ലെ പെന്നിനെ വിലക്കുകയും അവരുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതുമാണ് തിങ്കളാഴ്ചത്തെ ശിക്ഷാവിധി. ലെ പെന്നിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. ശിക്ഷാ കാലാവധിയുടെ പകുതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ജഡ്ജിമാര്‍ പറഞ്ഞു. ബാക്കിയുള്ള രണ്ടുവര്‍ഷം ഒരു ഇലക്ട്രോണിക് ബ്രേസ്‌ലെറ്റോ ജയില്‍ ശിക്ഷയ്ക്ക് പകരമുള്ള മറ്റ് ബദലുകളോ ഉപയോഗിച്ച് ശിക്ഷ അനുഭവിക്കാമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

വിധിക്കെതിരെ അപ്പീല്‍ കോടതിയുടെ അനുകൂല വിധി നേടാന്‍ കഴിയാത്തപക്ഷം ഈ വിധി ലെ പെന്നിനെ 2027 ല്‍ നാടക്കാനിരിക്കുന്ന മത്സരത്തില്‍ നിന്ന് ഒഴിവാക്കും. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കാലാവധി പരിമിതമാകുമെന്നും മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും ഉള്ളതിനാല്‍ ലെ പെന്‍ ഒരു മുന്‍നിര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അവരുടെ ജോലികളില്‍ സഹായിക്കുന്നവര്‍ക്കായി നീക്കിവച്ചിരുന്ന ഇ.യുഫണ്ടില്‍ നിന്ന് 4.4 മില്യണ്‍ യൂറോ, (4.8 മില്യണ്‍ ഡോളറിന് തുല്യമായ തുക), ലെ പെന്നും അവരുടെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളും നിയമവിരുദ്ധമായി ഉപയോഗിച്ചതായി കോടതി വിധിച്ചു. ലെ പെന്നും അവരുടെ എംപിമാരും പാര്‍ലമെന്റിന്റെ ജോലിയില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടിക്കാര്‍ക്ക് വീതിച്ചു നല്‍കാനാണ് പണം ഉപയോഗിച്ചതെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

കോടതി വിധി വോട്ടര്‍മാര്‍ക്കിടയില്‍ തനിക്കുള്ള അംഗീകാരം ഉയര്‍ത്തുമെന്ന് ലെ പെന്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഒരു ജനാധിപത്യത്തില്‍, തീരുമാനമെടുക്കുന്നത് വോട്ടര്‍മാരാണ്. വിഷമിക്കേണ്ട എന്ന് ഇന്ന് രാത്രി ഞാന്‍ അവരോട് പറയാന്‍ വന്നതാണ്, അനീതിയുടെ ഈ വികാരം ഞാന്‍ നടത്തുന്ന പോരാട്ടത്തിലെ ഒരു അധിക പ്രേരകശക്തിയായിരിക്കും.' ലെ പെന്‍ പറഞ്ഞു.

ലെ പെന്നിന്റെ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരും. അതേസമയം, അപ്പീലുകള്‍ നടക്കുന്നതുവരെ അവരുടെ ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ അപ്പീല്‍ പ്രക്രിയ ദൈര്‍ഘ്യമേറിയതായിരിക്കാം, 2027 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ലെ പെന്നിന് വിധി റദ്ദാക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.

വിധിയുടെ ഭൂരിഭാഗവും ലെ പെന്‍ കോടതിമുറിയില്‍ നിസ്സംഗതയോടെ ഇരുന്നു, ഇടയ്ക്കിടെ തലയാട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. കോടതി അവരെ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ഉടനടി വിലക്കുകയാണെന്ന് വ്യക്തമായ വിധി ജഡ്ജി ബെനഡിക്റ്റ് ഡി പെര്‍ത്തുയിസ് വായിച്ചു തീരുന്നതിനു മുമ്പുതന്നെ കോടതിമുറി വിട്ട് അവര്‍ പുറത്തിറങ്ങി.