കൂടുതല്‍ ഗുണ്ടാസംഘാംഗങ്ങളെ യുഎസ് എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തി

കൂടുതല്‍ ഗുണ്ടാസംഘാംഗങ്ങളെ യുഎസ് എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തി


വാഷിംഗ്ടണ്‍: ഗുണ്ടാസംഘാംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന 17 പേരെ കൂടി ട്രംപ് ഭരണകൂടം എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തിയതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്തെ സൂപ്പര്‍മാക്‌സ് ജയിലിലേക്ക് ആളുകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ നടക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടം കൂടുതല്‍ പേരെ അവിടേയ്ക്ക് അയച്ചത്.  

ട്രെന്‍ ഡി അരാഗ്വ, എംഎസ്13 എന്നീ ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

തടവുകാരില്‍ വെനിസ്വേലക്കാരും സാല്‍വഡോറുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാല്‍വഡോറന്‍ സര്‍ക്കാര്‍ ഉേദ്യാഗസ്ഥര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

1798ലെ യുദ്ധകാലത്ത് മാത്രം ഉപയോഗിച്ചിരുന്ന ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം നടത്തിയ നാടുകടത്തല്‍ നിര്‍ത്തിവയ്ക്കാന്‍ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സമീപകാല നാടുകടത്തലുകള്‍ പൊതു കുടിയേറ്റ നിയമങ്ങള്‍ പ്രകാരമാണെന്ന് ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'കൊലപാതകികളും ബലാത്സംഗികളും' സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റൂബിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരുകളോ വിശദാംശങ്ങളോ ഏതെങ്കിലും ശിക്ഷാവിധികളോ അദ്ദേഹം നല്‍കിയില്ല.

ചങ്ങലയിട്ട പുരുഷന്മാരെ വിമാനത്തില്‍ നിന്ന് ഇറക്കി ജയില്‍ മുറികളിലേക്ക് മാറ്റുന്നതിന് മുമ്പ് അവരുടെ തല മൊട്ടയടിക്കുന്നത് കാണിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെ, എക്‌സിലെ ഒരു പോസ്റ്റില്‍, പങ്കിട്ടു.

'എല്ലാ വ്യക്തികളും സ്ഥിരീകരിച്ച കൊലപാതകികളും ആറ് കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ ഉള്‍പ്പെടെ വലിയ കുറ്റവാളികളുമാണ്,' അദ്ദേഹം എഴുതി. 'ഈ പ്രവര്‍ത്തനം ഭീകരതയ്ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടത്തിലെ മറ്റൊരു ചുവടുവയ്പ്പാണ്.'

സന്ദേശം വീണ്ടും പോസ്റ്റ് ചെയ്ത പ്രസിഡന്റ് ട്രംപ് , നാടുകടത്തപ്പെട്ടവരെ യുഎസിലേക്ക് കടക്കാന്‍ അനുവദിച്ചതിന് തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി. 'അവര്‍ക്ക് ഇത്രയും മനോഹരമായ ഒരു താമസസ്ഥലം നല്‍കിയതിന് ' ബുക്കെലെയോട് ട്രംപ് നന്ദി പറഞ്ഞു.

6 മില്യണ്‍ ഡോളര്‍ (£4.6 മില്യണ്‍) പ്രതിഫലം വാങ്ങിയാണ് നാടുകടത്തപ്പെട്ടവരെ എല്‍ സാല്‍വഡോര്‍ സ്വീകരിക്കാന്‍ സമ്മതിച്ചത്.

മുമ്പ് പരമാവധി സുരക്ഷാ ജയിലിലേക്ക് അയച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ തടവുകാര്‍ക്ക് ഒരുതരത്തിലുള്ള ഗുണ്ടാ ബന്ധവുമില്ലെന്ന് പറഞ്ഞു.

ഈ മാസം ആദ്യം യുഎസില്‍ നിന്ന് 100ലധികം വെനിസ്വേലക്കാരെ നീക്കം ചെയ്യാന്‍ ട്രംപ് ഏലിയന്‍ എനിമി ആക്ട് നടപ്പിലാക്കിയതിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് നിയമവിരുദ്ധമായി നടപടിക്രമങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

മാര്‍ച്ച് 15ന് നടന്ന ഒരു ഹിയറിംഗില്‍,നിയമം ഉപയോഗിക്കുന്നതിന്  വാഷിംഗ്ടണ്‍ ഡിസിയിലെ ഉന്നത ഫെഡറല്‍ ജഡ്ജിയായ ജെയിംസ് ബോസ്ബര്‍ഗ്, താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും പുറപ്പെട്ട നാടുകടത്തല്‍ വിമാനങ്ങള്‍ തിരിച്ചയക്കാന്‍ ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ നാടുകടത്തല്‍ തുടരുകയാണ്. കേസിലെ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 3 വ്യാഴാഴ്ച നടക്കും.