മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയില്‍ അഞ്ചാമത് ഇന്ത്യക്കാരി. എച്ച്സി എല്‍ ടെക് സ്ഥാപകന്‍ ശിവ് നാടാറിന്റെ മകള്‍ റോഷ്നി നാടാരാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചത്.
വിവരസാങ്കേതിക ഭീമനായ എച്ച് സി എല്ലിന്റെ ചെയര്‍പേഴ്സണ്‍ റോഷ്നി നാടാറിന പിതാവ് ശിവ് നാടാറില്‍ നിന്ന് 47 ശതമാനം ഓഹരി കൈമാറ്റം ചെയ്ത് കിട്ടിയതോടെയാണ് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും ലോകത്തിലെ അഞ്ചാമത്തെ ധനികയായ സ്ത്രീയായും ഉയര്‍ന്നത്.
3.5 ട്രില്യണ്‍ രൂപ ആസ്തിയുള്ള അവര്‍ 2025ലെ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 10 വനിതാ ശതകോടീശ്വരികളുടെ പട്ടികയില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ തന്റെ ആസ്തിയില്‍ ഒരു ട്രില്യണ്‍ രൂപയുടെ ഇടിവുണ്ടായിട്ടും 8.6 ട്രില്യണ്‍ രൂപ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കടബാധ്യതയിലെ വര്‍ധനവ്, പ്രധാന മേഖലകളിലെ ഡിമാന്‍ഡ് കുറയല്‍, ഓഹരി പ്രകടനത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന വര്‍ധിച്ച മത്സരം എന്നിവയാണ് ഇടിവിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവിയും അംബാനി തിരിച്ചുപിടിച്ചു. ഗൗതം അദാനിയുടെ ആസ്തി വര്‍ഷം തോറും 13 ശതമാനം വര്‍ധിച്ച് 8.4 ട്രില്യണ്‍ രൂപയായി. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി അദ്ദേഹം മാറി.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ദിലീപ് ഷാങ്വി 2.5 ട്രില്യണ്‍ രൂപ ആസ്തിയുമായി നാലാം സ്ഥാനം നേടി. വിപ്രോയുടെ അസിം പ്രേംജി 2.2 ട്രില്യണ്‍ രൂപയുമായി രണ്ടാം സ്ഥാനത്താണ്.
ഇന്ത്യയില്‍ ഇപ്പോള്‍ 284 ശതകോടീശ്വരന്മാരുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 പേരാണ് വര്‍ധിച്ചിരിക്കുന്നത്. യു എസിനും ചൈനയ്ക്കും ശേഷം ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ഡോളര്‍- ബില്യണയര്‍ കേന്ദ്രമെന്ന സ്ഥാനം ഇന്ത്യയാണ് നിലനിര്‍ത്തുന്നത്.
ലോക വേദിയില്‍ രാജ്യത്തിന്റെ വളരുന്ന സാമ്പത്തിക സ്വാധീനത്തെയാണ് ഈ ഉയര്‍ച്ച പ്രതിഫലിപ്പിക്കുന്നതെന്നും ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ കൂട്ടായ സമ്പത്ത് ട്രില്യണ്‍ ഡോളറെന്ന നാഴികക്കല്ല് മറികടന്നതായും ഇത് സമൃദ്ധിയുടെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഹുറുന്‍ ഇന്ത്യയുടെ സ്ഥാപകനും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.
ശതകോടീശ്വരന്മാരില്‍ 62 ശതമാനവും വലിയ സമ്പത്ത് നേടിയിട്ടുണ്ടെന്നും അത് രാജ്യത്തിന്റെ പോസിറ്റീവ് സാമ്പത്തിക പ്രവണതകളെ അടിവരയിടുന്നതായും ജുനൈദ് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സഞ്ചിത സമ്പത്തായ 98 ട്രില്യണ്‍ രൂപ രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്നിലൊന്ന് വരും.
11 പുതിയ ശതകോടീശ്വരന്മാരെ ചേര്‍ത്ത 90 ശതകോടീശ്വരന്മാരുള്ള മുംബൈയാണ് ഏഷ്യയിലെ ശതകോടീശ്വര തലസ്ഥാനമെന്ന പദവി സ്വന്തമാക്കിയത്. ഈ സ്ഥാനം നേരത്തെ ഷാങ്ഹായ്ക്കായിരുന്നു. എട്ട് പുതിയ കോടീശ്വരന്മാരുള്ള ബീജിംഗിനെയും ഏഴ് പുതിയവരുള്ള ലണ്ടനെയും മറികടന്നു.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചത് ആരോഗ്യ സംരക്ഷണ മേഖലയാണ്- 53. തുടര്‍ന്ന് ഉപഭോക്തൃ ഉത്പന്ന മേഖല 35ഉം, വ്യാവസായിക ഉത്പന്ന മേഖല 32ഉം.
റേസര്‍പേയുടെ സഹസ്ഥാപകരായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരായ ശശാങ്ക് കുമാറിനും ഹര്‍ഷില്‍ മാത്തൂറിനും 8,643 കോടി രൂപയുടെ ആസ്തിയുണ്ട്.
ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ എണ്ണവും സമ്പത്തും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ 823 ശതകോടീശ്വരന്മാരുമായി ചൈന ഇപ്പോഴും ഏഷ്യയില്‍ മുന്നിലാണ്. 870 ശതകോടീശ്വരന്മാരുമായി അമേരിക്ക 2016ന് ശേഷം ആദ്യമായി ചൈനയെ മറികടന്നു.
ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത് ഈ വര്‍ഷം 45 പുതിയ ശതകോടീശ്വരന്മാരെ കൂട്ടിച്ചേര്‍ത്ത് 284 ആയി. പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു.