ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ചു.
ഇന്ത്യന്‍ സായുധ സേന അവരുടെ വീര്യവും ധീരതയും പ്രകടിപ്പിക്കുകയും പുതിയ ചരിത്രം രചിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സായുധ സേന കൃത്യതയോടെയും ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും നടപടി സ്വീകരിച്ചുവെന്നും തീരുമാനിച്ച ലക്ഷ്യങ്ങള്‍ കൃത്യസമയത്ത് കൃത്യമായി തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നതില്‍ സായുധ സേനയും സംവേദനക്ഷമത കാണിച്ചു. ഇന്ത്യന്‍ ജവാന്‍മാര്‍ കൃത്യത, ജാഗ്രത, മനുഷ്യത്വം എന്നിവ കാണിച്ചുവെന്ന് പറയാം. മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍ ജവാന്മാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുന്നതായും സായുധ സേനയെ പിന്തുണച്ചതിന് പ്രധാനമന്ത്രി മോഡിയെയും അഭിനന്ദിക്കുന്നതായും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹനുമാന്റെ മാതൃകയാണ് ഇന്ത്യ നടത്തിയ ആക്രമണമെന്നും സിംഗ് പറഞ്ഞു. അശോക വാടികയിലേക്ക് പോകുമ്പോഴുള്ള ഹനുമാന്റെ തത്വമാണ് പിന്തുടര്‍ന്നത്. ജിന്‍ മോഹി മാര, തിന്‍ മോഹി മാരേ. ഞങ്ങളുടെ നിരപരാധികളെ കൊന്നവരെ മാത്രമേ ഞങ്ങള്‍ ലക്ഷ്യം വച്ചുള്ളൂ,' സിംഗ് പറഞ്ഞു.
തീവ്രവാദികളുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഈ നടപടി അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തി. സായുധ സേനയുടെ വീര്യത്തിന് മുന്നില്‍ വീണ്ടും നമിക്കുന്നുവെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.