ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെഴ്‌സും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, സെമി കണ്ടക്റ്റര്‍ തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനം. സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കുന്ന സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കൂടാതെ ജര്‍മന്‍ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ തുടങ്ങുന്നതിനായി പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണം അറിയിക്കുകയും ചെയ്തു.
റഷ്യ- യുക്രെയ്ന്‍ യുദ്ധം ആഗോള തലത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറുകളും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളായി. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായാണ് ജര്‍മനി കാണുന്നതെന്ന് ചാന്‍സലര്‍ ഫ്രെഡറിക് മെഴ്‌സ് വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
