ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ- അഹമ്മദാബാദ് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക.
ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂര്‍ 7 മിനിറ്റ് ആയി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് 508 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഈ റൂട്ടില്‍ മുംബൈ, ബോയ്‌സര്‍, താനെ, വിരാര്‍, വാപ്പി, ബില്ലിമോറ, വഡോദര, സൂററ്റ്, ബറൂച്ച്, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് ഉണ്ടാവുക.
പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 1,08,000 കോടി രൂപയാണ്. പദ്ധതി ചെലവിന്റെ ഏകദേശം 81 ശതമാനമായ 88000 കോടി രൂപ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സിയാണ് വഹിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജാപ്പനീസ് ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി രണ്ട് ഹൈ സ്പീഡ് ട്രെയിനുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവയ്ക്കായി ഭാരത് ഏര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന് (ബി ഇ എം എല്‍) കരാര്‍ നല്‍കി. ഓരോ ഹൈ സ്പീഡ് കാറിനും 27.86 കോടി രൂപ വീതം മൊത്തം കരാര്‍ മൂല്യം 866.87 കോടി രൂപയാണ്.
ഗുജറാത്തിലെ വാപ്പി മുതല്‍ സബര്‍മതി വരെയുള്ള ഇടനാഴിയുടെ ഭാഗം 2027 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞത്. മഹാരാഷ്ട്ര മുതല്‍ സബര്‍മതി വരെയുള്ള മുഴുവന്‍ പദ്ധതിയും 2029 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.