ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ബാക്കിയുള്ളത് ഒന്നോ രണ്ടോ ശതമാനം മാത്രം: യു.എസ്. അംബാസഡർ

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ബാക്കിയുള്ളത് ഒന്നോ രണ്ടോ ശതമാനം മാത്രം: യു.എസ്. അംബാസഡർ


ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. കരാറിന്റെ നിയമപരമായ നടപടികളിൽ ഒന്നോ രണ്ടോ ശതമാനം മാത്രം പൂർത്തിയാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മിറ്റ് 2026 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം ഒന്നര വർഷമായി ചർച്ചകൾ പുരോഗമിക്കുന്ന കരാറിന് അടുത്തിടെ കോടതിയുടെ ഇടപെടലിനെ തുടർന്ന് ചെറിയ തടസ്സമുണ്ടായെങ്കിലും, അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ലീ ഗ്രിയർ ന്യൂഡൽഹി സന്ദർശിച്ചതോടെ ചർച്ചകൾ വീണ്ടും വേഗത്തിലായെന്ന് ഗോർ പറഞ്ഞു.

'കരാറിന്റെ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്ന് ഏതാനും വിഷയങ്ങളിൽ മാത്രമാണ് അന്തിമ തീരുമാനമെടുക്കാനുള്ളത്. കരാർ ഇപ്പോൾ അവസാന ഒന്നോ രണ്ടോ ശതമാനം ഘട്ടത്തിലാണെന്ന് പറയാം,' അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാർ പൂർത്തിയാക്കാൻ അമേരിക്കയ്ക്ക് 20 വർഷമെടുത്തിരുന്നുവെന്നും, അതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുമായുള്ള ചർച്ചകൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഗോർ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യൻ കയറ്റുമതിക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരിഫ് ആനുകൂല്യം ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ശേഷമേ അമേരിക്കയുമായി വ്യാപാര കരാറിൽ ഒപ്പുവയ്ക്കുകയുള്ളൂവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും കരാർ അന്തിമമാക്കുന്നതിന് വളരെ അടുത്തെത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിലെ അമേരിക്കൻ എംബസി ഈ വർഷം അമേരിക്കയിലേക്ക് 20.5 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം ആകർഷിക്കാൻ സഹായിച്ചതായും ഗോർ പറഞ്ഞു. ലോകത്തെ മറ്റ് അമേരിക്കൻ എംബസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര ദൗത്യത്തിന്റെ നിക്ഷേപ നേട്ടം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.