ഇറാനിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍

ഇറാനിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍


ന്യൂഡല്‍ഹി: ഇറാനില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രാജ്യത്ത് ക്രമേണ സാധാരണ നില പുനഃസ്ഥാപിക്കുകയാണെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമമായ വിയോണിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വിദേശ ഇടപെടലുകള്‍ ഇറാന്‍ ജനത ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളം ലക്ഷക്കണക്കിന് ഇറാനികള്‍ തെരുവിലിറങ്ങി പിന്തുണ പ്രഖ്യാപിച്ചുവെന്നും നിലവിലുള്ള വെല്ലുവിളികളും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ഒരിക്കലും അനുവദിക്കില്ലെന്നത് ഇതിലൂടെ വ്യക്തമായിത്തീരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ പൗരന്മാരുടെ, പ്രത്യേകിച്ച് ഇന്ത്യന്‍ പൗരന്മാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. ഇന്ത്യന്‍ വിദ്യാര്‍ഥികളും പൗരന്മാരും തങ്ങളുടെ രാജ്യത്ത് പൂര്‍ണ സുരക്ഷിതരാണെന്നും അവര്‍ തങ്ങളുടെ എംബസിയുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഏകദേശം 10,000 ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ഇറാനില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യ- ഇറാന്‍ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച അംബാസഡര്‍ ഈ ബന്ധങ്ങള്‍ ആഴത്തില്‍ വേരൂന്നിയതും ചരിത്രപരവും പരസ്പര ബഹുമാനത്തിലും താത്പര്യങ്ങളിലും അധിഷ്ഠിതവുമാണെന്നും വിശേഷിപ്പിച്ചു. ഊര്‍ജം, ഗതാഗതം, ചാബഹാര്‍ തുറമുഖം പോലുള്ള പദ്ധതികള്‍ എന്നിവയില്‍ പരസ്പര വിശ്വാസവും ദീര്‍ഘകാല കാഴ്ചപ്പാടും മുന്‍നിര്‍ത്തി സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.