ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മലയാളിയായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്രയും അടക്കം 13 പേർ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ലോക്ഭവനിലാണ് ചടങ്ങുകൾ.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നിയമിച്ചു. ഇന്നലെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം അടക്കമുള്ള പദവികൾ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചിട്ടില്ല.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി വി.ഡി.സതീശൻ തുടങ്ങിയവർ വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. രാജ്യസഭ, നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഉണ്ടാവുക. ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചനയുണ്ട്. ജി.പരമേശ്വരയ്ക്കാവും ആഭ്യന്തര വകുപ്പ് നൽകുക.
ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്; ജി.പരമേശ്വര ഉപമുഖ്യമന്ത്രി?
