മോഷ്ടാവെന്ന് സംശയിച്ച് ബം​ഗാളിൽ മലയാളിയെ കൂട്ടംചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി; ഏഴ് പേർ പിടിയിൽ

മോഷ്ടാവെന്ന് സംശയിച്ച് ബം​ഗാളിൽ മലയാളിയെ കൂട്ടംചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി; ഏഴ് പേർ പിടിയിൽ


ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസ് ജില്ലയിലെ കൂൾതാലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം ഏഴ് പേരെ പോലീസ് പിടികൂടി. അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ജൂൺ 9നാണ് ദാരുണമായ സംഭവമുണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ സംഭവം പുറത്തായതിന് പിന്നാലെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

കൂൾതാലിയിൽ ഒരു പരിചയക്കാരന്റെ വീട്ടിൽ ജോലിക്ക് വന്നതായിരുന്നു മലയാളിയായ 30കാരൻ. ജൂൺ 9ന് രാവിലെ അടുത്തുള്ള മാർക്കറ്റിലേക്ക് പോയ ഇയാൾക്ക് വഴിതെറ്റി. ബം​ഗാളി ഭാഷ അറിയില്ലാതിരുന്ന ഇയാളെ കുറേ ആളുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. രേഖകൾ ആവശ്യപ്പെട്ടു. ഭാഷ മനസിലാകാതിരുന്നതിനാൽ മറുപടി നൽകാനായില്ല. ഇതോടെ കള്ളനെന്ന് കരുതി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. 

പിന്നീട് ഒരാൾ പരിക്കേറ്റു കിടക്കുന്നെന്ന വിവരം ലഭിച്ച പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ, ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റതാണ് സംഭവമെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തായതോടെയാണ് ആൾക്കൂട്ട കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണ ആരംഭിച്ചിട്ടുണ്ട്.