തിരുവനന്തപുരം : കേരളത്തിലെ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും പങ്കെടുക്കും. തുടർന്ന് തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യും. മുഖ്യമന്ത്രി നടത്തുന്ന ഉദ്ഘാടനത്തിനൊപ്പം വിവിധ ഡിപ്പോകളിലും സമാനമായ ഉദ്ഘാടനം നടക്കും.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങുക. സംസ്ഥാനത്തുടനീളമുള്ള 3125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
സൗജന്യ യാത്ര ലഭ്യമാകുന്ന എല്ലാത്തരം ഓർഡിനറി ബസുകളിലും യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവുമാണ് ഈ പ്രത്യേക സ്റ്റിക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓർഡിനറി മുതൽ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വരെയുള്ള ഏഴ് വിഭാഗം ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 ദിവസത്തേക്കാണ് പരീക്ഷണം. അതിനുശേഷം ഉയർന്ന ക്ലാസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർക്കാർ പരിഗണിക്കും.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഇന്ന് മുതൽ; ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും
